Current Date

Search
Close this search box.
Search
Close this search box.

പീപ്പിള്‍സ് ഫൗണ്ടേഷനും ഇംപെക്‌സും സഹകരിച്ച് കവളപ്പാറ ദുരിതബാധിതര്‍ക്ക് വീടുവെച്ച് നല്‍കും

മലപ്പുറം: നിലമ്പൂര്‍ കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സ്ഥലവും വീടും പൂര്‍ണ്ണമായി നഷ്ടപ്പെട്ട 60 കുടുംബങ്ങള്‍ക്കും വീടും സ്ഥലവും നല്‍കാന്‍ പദ്ധതി തയ്യാറാക്കി. സാമൂഹ്യ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷനും ഇംപെക്‌സും ചേര്‍ന്നാണ് വീടുകള്‍ ഒരുക്കുന്നത്. പി.വി.അബ്ദുല്‍ വഹാബ് എം.പി മുഖ്യരക്ഷാധികാരിയും പി.വി.അന്‍വര്‍ എം.എല്‍.എ ചെയര്‍മാനുമായ റീ ബില്‍ഡ് നിലമ്പൂര്‍ സര്‍ക്കാരുമായി സഹകരിച്ച് വീടിനാവശ്യമായ സ്ഥലം കണ്ടെത്തി നല്‍കും.

500 ച. അടി തറ വിസ്തീര്‍ണ്ണമുള്ള വീടാണ് ഓരോ കുടുംബത്തിനുമായി നിര്‍മ്മിക്കുക. സ്ഥലവില കൂടാതെ ഏകദേശം 4 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 2.5 കോടി രൂപ പീപ്പിള്‍സ് ഫൗണ്ടേഷന്‍ വഹിക്കും. 1.5 കോടി രൂപ ഇംപെക്‌സ് ഗ്രൂപ്പാണ് വഹിക്കുക. നിര്‍മ്മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഏജന്‍സികളുടെ സഹായം സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് ലഭ്യമാക്കാന്‍ ശ്രമിക്കും. സ്ഥലം ലഭ്യമാകുന്ന മുറക്ക് പത്തു മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും. പി.വി.അന്‍വര്‍ എം.എല്‍.എ, പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം.അബ്ദുല്‍ മജീദ്, മഞ്ചേരി ഇംപെക്‌സ് മാനേജിങ് ഡയരക്ടര്‍ സി.നുവൈസ്, ഇംപെക്‌സ ജനറല്‍ മാനേജര്‍ പി.ഉമര്‍, ഇംപെക്‌സ് ഡയരക്ടര്‍ മുഹമ്മദലി പനച്ചിക്കല്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles