Current Date

Search
Close this search box.
Search
Close this search box.

പനമരം പീപ്പിള്‍ വില്ലേജ്: ശനിയാഴ്ച രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: 2018ലെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താങ്ങായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരള വയനാട് ജില്ലയിലെ പനമരത്ത് നിര്‍മിച്ച പീപ്പിള്‍സ് വില്ലേജ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ശനിയാഴ്ച വയനാട് എം.പി രാഹുല്‍ ഗാന്ധി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 2018ലെ പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 25 കോടി രൂപയുടെ പദ്ധതികളാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചിരുന്നത്. വിവിധ ഏജന്‍സികളുടെയും, പൊതുജനങ്ങളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പാക്കിയത്. 305 പുതിയ വീടുകള്‍, 888 വീടുകളുടെ അറ്റകുറ്റപ്പണി, 811 സ്വയം തൊഴില്‍ പദ്ധതി, 34 കുടിവെള്ള പദ്ധതികള്‍, സ്‌കോളര്‍ഷിപ്പ്, ചികിത്സ തുടങ്ങി ജനങ്ങളുടെ അതിജീവനത്തിന് വേണ്ടി പ്രഖ്യാപിച്ച മുഴുവന്‍ പദ്ധതികളും ഫൗണ്ടേഷന് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു.

പീപ്പിള്‍സ് ഫൗണ്ടേഷന്റെ 2019 പ്രളയ പുനരധിവാസ പദ്ധതികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയത്തില്‍ ഏറെ നാശനഷ്ടം നേരിട്ട 600ല്‍ പരം ചെറുകിട കച്ചവടക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. പാരിസ്ഥിതിക സംരക്ഷണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 50000 വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിച്ചു. ഇന്‍ഫാഖ് സസ്‌റ്റൈനബിള്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്ക് കീഴിലുള്ള അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റ് തടസങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഈ വര്‍ഷം തന്നെ എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

13 ന് രാവിലെ 11 മണിക്ക് രാഹുല്‍ ഗാന്ധി എം.പി ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഉദ്ഘാടനം ഫെയ്‌സ്ബുക്കിലും യൂട്യൂബിലും തത്സമയ സംപ്രേക്ഷണമുണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യ പ്രസിഡന്റ് സയ്യിദ് സആദത്തുള്ള ഹുസൈനി, ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ, സി.കെ ശശീന്ദ്രന്‍ എം എല്‍ എ, ഒ.ആര്‍ കേളു എം എല്‍ എ, ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി. ആരിഫലി, കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വയനാട് ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുള്ള തുടങ്ങി സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

Related Articles