Current Date

Search
Close this search box.
Search
Close this search box.

ആരോഗ്യ മേഖലയില്‍ പുതിയ ചുവടുവെപ്പുമായി ‘പീപ്പിള്‍സ് ഹെല്‍ത്ത്’ 

കോഴിക്കോട്: ആരോഗ്യ മേഖലയിലെ പുതിയ ചുവടുവെപ്പുമായി ‘പീപ്പിള്‍സ് ഹെല്‍ത്ത്’ പദ്ധതിക്ക് തുടക്കമായി. ‘പീപ്പിള്‍സ് ഇന്‍ഫോ’ സാമൂഹിക മേഖലയില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന്റെ പുതിയ സംരംഭമാണ്. ഇതിന് കീഴില്‍ ആരോഗ്യ മേഖലയില്‍ കഴിഞ്ഞ  രണ്ട് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിക്കുന്ന എത്തിക്കല്‍ മെഡിക്കല്‍ ഫോറവുമായി (ഋങഎ) ചേര്‍ന്നാണ് പീപ്പിള്‍സ് ഹെല്‍ത്ത് പദ്ധതി പ്രവര്‍ത്തിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കോഴിക്കോട് മെഡോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബഹു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഓണ്‍ലൈനിലൂടെ പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. രോഗം പിടിപെട്ടവരെ മാത്രം പരിഗണിക്കുന്നതിനപ്പുറം  നല്ല ആരോഗ്യ ശീലങ്ങള്‍ ഉണ്ടാവാനും, ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാവാനും വേണ്ടി സമൂഹത്തിന് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ നല്‍കാന്‍ കൂടി നമ്മള്‍ ശ്രമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തലമുറ പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ ആരോഗ്യ പരിചരണ രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്, ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ സഹകരണങ്ങളും നല്‍കി സമൂഹം കൂടെ നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജനറല്‍ മെഡിസിന്‍ & ഫാമിലി മെഡിസിന്‍ മുന്‍ HOD ഡോ. പി.കെ ശശിധരന്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി അധ്യക്ഷത വഹിച്ച ഉദ്ഘാടന പരിപാടിയില്‍ എത്തിക്കല്‍ മെഡിക്കല്‍ ഫോറം പ്രസിഡന്റ് ഡോ. കെ. മുഹമ്മദ് ഇസ്മായില്‍ പീപ്പിള്‍സ് ഹെല്‍ത്ത് വിശദീകരിച്ചു. ആരോഗ്യമേഖലയില്‍ ഉയര്‍ന്ന ചികിത്സാ ചെലവും മറ്റുമായി പ്രയാസങ്ങള്‍ നേരിടുന്ന നിരവധി സാധാരണക്കാരുണ്ട്. രോഗത്തെകുറിച്ച ശരിയായ അറിവില്ലായ്മയും, ചികിത്സയെക്കുറിച്ചും – മികച്ച ചികിത്സാ കേന്ദ്രങ്ങളെ കുറിച്ച വിവരങ്ങള്‍ ഇല്ലാത്തതും,  ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ യഥാ സമയത്ത്  ലഭിക്കാത്തതുമെല്ലാം രോഗികളും, കുടുംബങ്ങളും പ്രതിസന്ധിയിലകപ്പെടാന്‍ കാരണങ്ങളാണ്. ഇവിടെയാണ് പീപ്പിള്‍സ് ഹെല്‍ത്ത് പദ്ധതിയിലൂടെ ആരോഗ്യമേഖലയില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നത്.

വിവിധ രോഗങ്ങള്‍ മൂലം പ്രയാസം അനുഭവിക്കുന്നവര്‍ക്ക് വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി മികച്ച ചികിത്സ കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുക, ആരോഗ്യ മേഖലയിലെ വിവിധ സേവനങ്ങളെയും, സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളെയും ബന്ധിപ്പിക്കാന്‍ രോഗികള്‍ക്ക് സഹായമായി വര്‍ത്തിക്കാനും പീപ്പിള്‍സ് ഹെല്‍ത്ത് പദ്ധതി ലക്ഷ്യമിടുന്നു.

പാലിയേറ്റിവ് കെയര്‍ മൂവ്‌മെന്റ് ഫൗണ്ടര്‍ ലീഡര്‍ പത്മശ്രീ ഡോ. എം ആര്‍ രാജഗോപാല്‍, എം.ഇ.എസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍, ഇഖ്റഅ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി.സി അന്‍വര്‍ , സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ എം. ഡി ഡോ. അബ്ദുല്ല ചെറിയക്കാട്ട്, ബൈത്തുസകാത്ത് കേരള സെക്രട്ടറി സാദിഖ് ഉളിയില്‍,  കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ടി.പി അഷ്‌റഫ്,  തണല്‍ വടകര ചെയര്‍മാന്‍ ഡോ. വി.ഇദ്രീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം. അബ്ദുല്‍ മജീദ് സ്വാഗതവും, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ ഫൈസല്‍ പൈങ്ങോട്ടായി സമാപനവും നടത്തി. പീപ്പിള്‍സ് ഹെല്‍ത്ത് സേവനങ്ങള്‍ക്ക് +91 7736 50 10 88 എന്ന നമ്പറിലേക്ക് ബന്ധപ്പെടാം. ഗൈഡന്‍സ് സെന്റര്‍, വില്ലേജ് ഹെല്‍ത്ത് സോണുകള്‍, ടോക്ക് സീരീസുകള്‍, സാമൂഹ്യ സുരക്ഷാ സ്‌കീമുകള്‍, സ്റ്റുഡന്റസ് കോര്‍ണര്‍, ഗ്രീവന്‍സ് സെല്‍, ട്രെയിനിങ് പ്രോഗ്രാമുകള്‍, ആരോഗ്യ  ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങി വിവിധ മേഖലകളില്‍ പീപ്പിള്‍സ് ഹെല്‍ത്ത് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

 

 

 

 

 

Related Articles