Current Date

Search
Close this search box.
Search
Close this search box.

ചെറുകിട കച്ചവടക്കാര്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്റെ പുനരധിവാസ പദ്ധതി സമര്‍പ്പിച്ചു

നിലമ്പൂര്‍: നാടിന്റെ ഐക്യബോധം കൊണ്ട് വിവേചനങ്ങളെ നേരിടാന്‍ സാധിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. 2019 ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ നഷ്ടം സംഭവിച്ച നിലമ്പൂര്‍ മേഖലയിലെ ചെറുകിട കച്ചവടക്കാര്‍ക്ക് തങ്ങളുടെ കച്ചവട സ്ഥാപനങ്ങള്‍ പുനരുദ്ധരീകരിക്കുന്നതിന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ തയ്യാറാക്കിയ പുനരധിവാസ പദ്ധതി വ്യാപാരികള്‍ക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ജനത ഐക്യത്തോടെയാണ് പ്രളയ ദുരിതത്തെ അഭിമുഖീകരിച്ചത്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി സഹായമെത്തിക്കുന്നതില്‍ മുന്നില്‍ ഉണ്ടായിരുന്നത് കച്ചവടക്കാരാണ്. ഏതൊരാവശ്യത്തിനും ജനങ്ങള്‍ ആദ്യം സമീപിക്കുന്നതും കച്ചവട മേഖലയിലുള്ളവരെയാണ്. അവര്‍ക്കൊരു പ്രയാസം നേരിട്ടപ്പോള്‍ അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്ന ബോധ്യത്തില്‍ നിന്നാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഈ ഉദ്യമത്തിന് തയ്യാറെടുത്തതെന്ന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ രക്ഷാധികാരികൂടിയായ അമീര്‍ വിശദീകരിച്ചു. ഏകോതര സഹോദരന്‍മാരായി ജീവിക്കാന്‍ നമുക്ക് സാധിക്കണം, ഐക്യബോധ്യത്തെ തകര്‍ക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലമ്പൂര്‍, മമ്പാട്, എടവണ്ണ, ചുങ്കത്തറ, പോത്തുകല്ല് എന്നീ പ്രദേശങ്ങളില്‍ നിന്ന് സര്‍വേ നടത്തി കണ്ടെത്തിയ 245 ചെറുകിട കച്ചവടക്കാര്‍ക്കാണ് സഹായം നല്‍കിയത്.

വ്യാപാരി വ്യവസായി ഏകോപന സമിതി, ചെറുകിട വ്യവസായ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ പീപ്പിള്‍സ് ഫൗണ്ടേഷന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നേരിട്ടാണ് സര്‍വേ നടത്തിയത്. 90 ലക്ഷം രൂപയുടെ സഹായമാണ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്കായി നല്‍കിയത്.

എല്ലാവരും അവഗണിച്ച കച്ചവടക്കാരുടെ ആവശ്യം പരിഗണിച്ച് മുന്നോട്ട് വന്ന പീപ്പിള്‍സ് ഫൗണ്ടേഷന്‍ വലിയൊരു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. ആസൂത്രിതമായും, ശാസ്ത്രീയമായും പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയകാലത്ത് ജാതി-മത ഭേദമന്യേ രക്ഷാപ്രവര്‍ത്തനങ്ങളും, പുനരധിവാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ സ്തുത്യര്‍ഹമായ സേവനം നിര്‍വ്വഹിച്ചതായി പ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിച്ച പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു.

ചടങ്ങില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. പുതിയ പദ്ധതിയായ പീപ്പിള്‍സ് ഇന്‍ഫോ സേവനങ്ങള്‍ ഉടന്‍ തന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സന്‍ പത്മിനി ഗോപിനാഥ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ പ്രസിഡന്റ് കുഞ്ഞാവ ഹാജി, മലപ്പുറം ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി അന്‍വര്‍, ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഹംസ ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി നിലമ്പൂര്‍ യൂണിറ്റ് പ്രസിഡന്റ് വിനോദ് പി. മേനോന്‍, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാട്, വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ സെക്രട്ടറി കുഞ്ഞു മുഹമ്മദ്, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍ അബൂബക്കര്‍ കരുളായി എന്നിവര്‍ ആശംകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി അസി.അമീര്‍ പി.മുജീബ് റഹ്മാന്‍ സമാപന പ്രഭാഷണം നിര്‍വ്വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം.അബ്ദുല്‍ മജീദ് സ്വാഗതവും, ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ മിയാന്‍ദാദ് നന്ദിയും പറഞ്ഞു.

 

Related Articles