Current Date

Search
Close this search box.
Search
Close this search box.

പുതുവര്‍ഷത്തില്‍ 14 കുടുംബങ്ങള്‍ക്ക് ഭവനമൊരുക്കി പീപ്പ്ള്‍സ് ഹോം പദ്ധതി

കോഴിക്കോട്: പുതു വര്‍ഷത്തില്‍ 14 കുടുംബങ്ങള്‍ക്ക് തണലേകി കേരളത്തിന്റെ ജനകീയ ഭവന പദ്ധതിയായ ‘പീപ്പ്ള്‍സ് ഹോം’ പദ്ധതി. കോഴിക്കോട്, കൊല്ലം, മലപ്പുറം, തൃശൂര്‍ ജില്ലകളിലായി 14 കുടുംബങ്ങള്‍ ക്കാണ് പീപ്പ്ള്‍സ് ഹോം പദ്ധതിയിലൂടെ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. ‘ആകാശം മേല്‍ക്കൂരയായവര്‍ക്ക് സനേഹത്തിന്റെ കൂടൊരുക്കാം’ എന്ന മുദ്രാവാക്യമുയര്‍ത്തി പീപ്പിള്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ 1500 ദരിദ്ര കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതിയാണ് ‘പീപ്പിള്‍സ് ഹോം’ പദ്ധതി.

2017ല്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതിനകം ആയിരത്തോളം വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഭൂമിയും വീടില്ലാത്തവര്‍ക്ക് അതും ലഭ്യമാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. കേരളത്തിലെ സുമനസ്സുകളായ ധാരാളം വ്യക്തികള്‍ ഭൂമിയും പണവും നല്‍കിയാണ് ഈ പദ്ധതിയെ ശക്തിപ്പെടുത്തിയത്. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നാല് വീടുകളടങ്ങിയ ഫ്ളാറ്റും, തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ പീപ്പ്ള്‍സ് ഫൗണ്ടേഷനും കെയര്‍ ട്രസ്റ്റ് കൊടുങ്ങല്ലൂരും സംയുക്തമായി പണിതീര്‍ത്ത ആറ് വീടുകളും, കൊല്ലം ജില്ലയിലെ പനവേലിയില്‍ ബൈത്തുസകാത്ത് കേരളയും പീപ്പ്ള്‍സ് ഫൗണ്ടേഷനും ചേര്‍ന്ന് നിര്‍മ്മിച്ച ഒരു വീടും, മലപ്പുറം ജില്ലയിലെ താനൂരില്‍ രണ്ടും, തിരൂരില്‍ ഒരു വീടും അടക്കം പതിനാല് വീടുകളാണ് ഡിസംബര്‍ മാസം ഉപഭോക്താക്കള്‍ക്ക് കൈമാറിയത്.

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ AWH കോളേജിന് സമീപം നടന്ന പരിപാടിയില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ മുന്‍ ചെയര്‍മാന്‍ പി.മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു, സെക്രട്ടറി എം. അബ്ദുല്‍ മജീദ്, പെരുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്ത എന്നിവര്‍ സംബന്ധിച്ചു. കുടുംബങ്ങള്‍ക്ക് വേണ്ടി ഗ്രാമപഞ്ചായത്തംഗം സഫിയ മാക്കിനിയാട്ട് വീടുകള്‍ ഏറ്റുവാങ്ങി.

സര്‍ക്കാറുകള്‍ക്കൊപ്പം സാമൂഹ്യ സേവന സംഘടനകളും ചേര്‍ന്നാല്‍ മാത്രമേ ജീവിതത്തിന്റെ അനിവാര്യമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തവരുടെ കണ്ണീരൊപ്പാന്‍ സാധിക്കൂവെന്ന് ബെന്നി ബെഹനാന്‍ എം.പി പറഞ്ഞു. കൊടുങ്ങല്ലൂര്‍ കെയര്‍ ട്രസ്റ്റിന്റെയും പീപ്പിള്‍സ് ഫൗണ്ടേഷേന്‍ കേരളയുടെയും സംയുക്ത സംരഭമായ കെയര്‍ ഹോമുകളുടെ കൈമാറ്റ ചടങ്ങ് കൊടുങ്ങല്ലൂര്‍ ഇലാഹിയ നഗര്‍, പതിയാശ്ശേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. ഈ രംഗത്ത് പീപ്പിള്‍സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതാണ് അദ്ദേഹം കൂട്ടി ചേര്‍ത്തു. എം.എല്‍.എ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് സെക്രട്ടറി സാദിഖ് ഉളിയില്‍ മുഖ്യ പ്രഭാഷണം നടത്തി. കൊടുങ്ങല്ലൂര്‍ കെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.എസ് ഹബീബുല്ല അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ഷീലാ ബാബു, കെ.എ ഹൈദ്രോസ്, ഡി.സി.സി സെക്രട്ടറി ടി.എം നാസര്‍, എം.ഐ.ടി കൊടുങ്ങല്ലൂര്‍ ചെയര്‍മാന്‍ കെ.സി ഹൈദ്രോസ് ഹാജി, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.എ സദറുദ്ദീന്‍, പതിയാശ്ശേരി മഹല്ല് പ്രസിഡന്റ് പി.കെ അബ്ദുല്‍ കരീം ഹാജി എന്നിവര്‍ സംസാരിച്ചു.

താനൂരില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ സമര്‍പ്പണം പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി, താനൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദ എന്നിവര്‍ നിര്‍വഹിച്ചു. ബിപി അങ്ങാടി തിരൂരില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം വീട്ടുമുറ്റത്ത് നടന്ന ലളിതമായ ചടങ്ങില്‍ നിര്‍വ്വഹിച്ചു. ജനസേവന രംഗത്ത് സ്തുത്യര്‍ഹമായ പങ്ക് നിര്‍വ്വഹിക്കുന്നവരെ ആദരിക്കുകയും, പീപ്പിള്‍സ് ഫൗണ്ടേഷന്റെ മറ്റു പദ്ധതികളുടെ വിതരണവും പരിപാടികളില്‍ നടന്നു. സാമൂഹ്യ – സാംസ്‌ക്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പരിപാടികളില്‍ സംബന്ധിച്ചു.

Related Articles