Current Date

Search
Close this search box.
Search
Close this search box.

പ്രളയ പുനരധിവാസ പദ്ധതി: വ്യാപാരികളെ നെഞ്ചോട് ചേര്‍ത്ത് പീപ്പിള്‍സ് ഫൗണ്ടേഷന്‍

ശ്രീകണ്ഠപുരം: പ്രളയക്കെടുതിക്കിരയായ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തെയും, ചെങ്ങളായിയിലെയും വ്യാപാരികള്‍ക്ക് സഹായ ഹസ്തവുമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍. മേഖലയില്‍ 2019 പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച 136 ചെറുകിട കച്ചവടക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതി സമര്‍പ്പണം കെ സുധാകരന്‍ എം പി നിര്‍വ്വഹിച്ചു.
സര്‍ക്കാര്‍ സഹായങ്ങള്‍ പോലും പരിമിതമായിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്നത് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പോലുള്ള ജനസേവന സംരംഭങ്ങളാണെന്ന് കെ സുധാകരന്‍ എം.പി അഭിപ്രായപ്പെട്ടു. പ്രളയ പുനരധിവാസ പദ്ധതി സമര്‍പ്പണം പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി നിര്‍വ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സി സി മാമു ഹാജി, വ്യാപാര വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം പി സുഗുണന്‍ എന്നിവര്‍ ഏറ്റുവാങ്ങി.

പ്രളയബാധിത വ്യാപാരികള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നല്‍കുന്ന രണ്ടാം ഘട്ട പദ്ധതി വിതരണമാണിത്. 30 ലക്ഷം രൂപയുടെ സഹായമാണ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്കായി നല്‍കിയത്. വ്യാപാരി സംഘടനകളുടെ സഹായത്തോടെ പീപ്പിള്‍സ് ഫൗണ്ടേഷന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നേരിട്ട് സര്‍വ്വേ നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്. ഒന്നാം ഘട്ടത്തില്‍ മലപ്പുറത്തെ നിലമ്പൂര്‍ മേഖലയില്‍ 90 ലക്ഷം രൂപയുടെ പദ്ധതി സമര്‍പ്പണം 2019 ഡിസംബറില്‍ നടന്നിരുന്നു.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് പ്രൊജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജോ.സെക്രട്ടറി സാദിഖ് ഉളിയില്‍ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭ ചെയര്‍മാന്‍ പി പി രാഘവന്‍, വൈസ് ചെയര്‍മാന്‍ നിഷിത റഹ്മാന്‍, ജമാഅത്തെ ഇസ്‌ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സാജിദ് നദ് വി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സൈനുദ്ധീന്‍ കരിവള്ളൂര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ എ.പി മുനീര്‍, വി.പി സന്തോഷ്, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.കെ ഫിറോസ്, എം.ജലാല്‍ ഖാന്‍, സി.സി മാമു ഹാജി, എം.പി സുഗുണന്‍, കെ.എം.പി റിഷാന, ഫിദ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.പി ആദം കുട്ടി സ്വാഗതവും, ഷാജഹാന്‍ നന്ദിയും പറഞ്ഞു.

Related Articles