Current Date

Search
Close this search box.
Search
Close this search box.

പ്രളയ പുനരധിവാസം: പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഭവന പദ്ധതി സംസ്ഥാന തല ഉദ്ഘാടനം

മേപ്പാടി (വയനാട്): 2019ലെ പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി ജനസേവന വിഭാഗം പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരള നടപ്പാക്കുന്ന ഭവന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാപ്പംകൊല്ലിയില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുള്‍ അസീസ് നിര്‍വ്വഹിച്ചു. ദുരന്തങ്ങളെ സമൂഹം ഒറ്റക്കെട്ടായി നേരിട്ട അനുഭവമാണ് നമുക്ക് മുന്നിലുള്ളത്. കഴിഞ്ഞ രണ്ടു പ്രളയങ്ങളെയും ജാതി മത വര്‍ഗ ചിന്തകള്‍ക്കതീതമായി സ്‌നേഹവും സാഹോദര്യവും ഉയര്‍ത്തിപിടിച്ച് നേരിടാന്‍ നമുക്ക് സാധിച്ചു. ഈ സാമൂഹിക ഐക്യം എന്നും ഉയര്‍ത്തിപിടിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ പറഞ്ഞു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. 10 കോടി രൂപയുടെ പദ്ധതിയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്നത്.

ഉരുള്‍പൊട്ടലും പ്രളയവും ഏറെ നാശംവിതച്ച മലപ്പുറം, വയനാട് ജില്ലകളിലായി 100 വീടുകള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചു നല്‍കും. നിലമ്പൂര്‍ കവളപ്പാറയിലും വയനാട് മേപ്പാടിയിലുമാണ് ആദ്യഘട്ടത്തില്‍ വീടുകള്‍ നിര്‍മ്മിക്കുക. കാപ്പംകൊല്ലിയില്‍ കേളച്ചന്‍തൊടി യൂസുഫ് ഹാജി ദാനമായി നല്‍കിയ 35 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന ആറു വീടുകളുടെ തറക്കല്ലിടല്‍ അമീര്‍ നിര്‍വ്വഹിച്ചു. സര്‍ക്കാറുമായും മറ്റ് ഏജന്‍സികളുമായും സഹകരിച്ചാണ് വീടുകള്‍ നിര്‍മിക്കുന്നത്. വീടുകളുടെ നിര്‍മാണത്തിന് പുറമെ 250 പേര്‍ക്ക് കൃഷി, 250 പേര്‍ക്ക് ചെറുകിട വ്യാപാര മേഖലയില്‍ തൊഴില്‍ എന്നിവ ലഭ്യമാക്കും. ചെറുതും വലുതുമായ 50 കുടിവെള്ള പദ്ധതികള്‍ നടപ്പാക്കും. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി 50 പദ്ധതികളും, പരിശീലന, ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കും. 2018 പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട 40 കുടുംബങ്ങള്‍ക്ക് പനമരത്തും മാനന്തവാടിയിലും നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം. അബ്ദുള്‍ മജീദ് 2019 പ്രളയ പുനരധിവാസ പദ്ധതി വിശദീകരിച്ചു. ആലുവ ചാലക്കല്‍ ദാറുസ്സലാം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരു വീട് നിര്‍മാണത്തിന് സമാഹരിച്ച ആറരലക്ഷം രൂപ ചടങ്ങില്‍ അധ്യാപകന്‍ എ.എം. ജമാല്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന് കൈമാറി. വയനാട് സബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ്, തഹസില്‍ദാര്‍ അബ്ദുള്‍ ഹാരീസ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് വി.മുഹമ്മദ് ശരീഫ്, എം. സാജിത്, ഐ. മഹ്‌റൂഫ്, പഞ്ചായത്ത് മെംബര്‍ ഹംസ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ടി.പി. യൂനുസ് സ്വാഗതവും നവാസ് പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.

Related Articles