Current Date

Search
Close this search box.
Search
Close this search box.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ 300 കോവിഡ് ബെഡ് പദ്ധതി: ഒന്നാം ഘട്ടം പൂര്‍ത്തിയായി

ആലപ്പുഴ: പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിക്കുന്ന കോവിഡ് ബെഡ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ഹരിപ്പാട് ഹുദ ട്രസ്റ്റ് ഹോസ്പിറ്റലിലെ കോവിഡ് ബ്ലോക്ക് ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. പരസ്പര സഹകരണം കൊണ്ടാണ് കേരളം മഹാമാരികളെ അതിജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്നേഹം വില്‍പ്പനക്ക് വെച്ച് മാറിനില്‍ക്കാത്ത മലയാളി മനസ്സ് ലോകത്തിന് തന്നെ മാതൃകയാണ്, ജനങ്ങളുടെ ഈ മനസ്സിനെയാണ് സന്നദ്ധ സംഘങ്ങളും ഏറ്റെടുക്കുന്നത്. ഇത് ജനങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരും സന്നദ്ധ സംഘങ്ങളും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ജനസേവന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാവുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ കോവിഡ് രോഗികള്‍ക്കുള്ള ഉപകരണങ്ങള്‍ കൈമാറ്റം ചെയ്തു. 40 കോവിഡ് ബെഡുകളാണ് ഒന്നാം ഘട്ടത്തില്‍ ഹുദ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ഒരുക്കിയത്. പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ 25ഉം, തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ ഹോസ്പിറ്റലില്‍ 100ഉം കോവിഡ് ബെഡുകളാണ് ആദ്യഘട്ടത്തില്‍ ഒരുക്കിയത്.

കോഴിക്കോട് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലെ കോവിഡ് സെന്റര്‍ എം.കെ മുനീര്‍ എം.എല്‍.എയും, പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ സജ്ജീകരിച്ച കോവിഡ് ബ്ലോക്കിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി അസി.അമീര്‍ പി. മുജീബ് റഹ്മാനും നിര്‍വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹമീദ് സാലിം, വിവിധ ട്രസ്റ്റ് ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. വെന്റിലേറ്റര്‍, ഐ.സി.യു, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളോടു കൂടിയ മുന്നൂറ് ബെഡുകളാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഒരുക്കുന്നത്.

Related Articles