Current Date

Search
Close this search box.
Search
Close this search box.

പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിന് തുടക്കം

ഫൈസാബാദ്(പട്ടിക്കാട്): പട്ടിക്കാട് ജാമിഅ നൂരിയ്യ 56ാം വാര്‍ഷിക 54ാം സനദ്ദാന സമ്മേളനത്തിനു പ്രൗഢോജ്വല തുടക്കം. ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗറില്‍ ജാമിഅ അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ആത്മീയ, വൈജ്ഞാനിക സംഗമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുപ്പതോളം സെഷനുകളിലായി ഒട്ടേറെ വിഷയങ്ങളില്‍ പ്രൗഢമായ പ്രഭാഷണങ്ങളും പഠന ക്ലാസുകളും നടക്കും.

ഉദ്ഘാടന സമ്മേളനം സയ്യിദ് മുഫ്തി ആലേ റസൂല്‍ ഹബീബ് ഹാശിമി (ഒഡീഷ) ഉദ്ഘാടനം ചെയ്തു. സാമൂഹിക ഉന്നമനത്തിന്റെ അടിസ്ഥാനം അറിവാണെന്നും അറിവും ദൈവവിശ്വാസവും ചേര്‍ന്നുള്ള സംസ്‌കാരമാണ് ഉത്തമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജാമിഅ ജനറല്‍ സെക്രട്ടറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ, അഡ്വ. എന്‍.സൂപ്പി, സയ്യിദ് ഉമറുല്‍ഫാറൂഖ് തങ്ങള്‍ ചേളാരി സംസാരിച്ചു.

സമ്മേളന ഭാഗമായി നടന്ന ഇസ്തിഖാമ സെഷന്‍ സമസ്ത ജനറല്‍സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുസ്ഥഫ അശ്‌റഫി കക്കുപ്പടി, എം.ടി അബൂബക്കര്‍ ദാരിമി, എം.പി മുസ്ഥല്‍ ഫൈസി, ഉമര്‍ ഫൈസി മുടിക്കോട്, അബ്ദുസലാം ബാഖവി ദുബൈ, സി.കെ.മൊയ്തീന്‍ ഫൈസി, ആശിഖ് കവരത്തി സംസാരിച്ചു.

ജാമിഅ സമ്മേളനത്തിന്റെ ഭാഗമായി നൂറുല്‍ ഉലമ വിദ്യാര്‍ത്ഥി കൂട്ടായമയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഗ്രാന്റ് എക്‌സ്‌പോ ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതം, ചരിത്രം, പൈതൃകം, പരിസ്ഥിതി, ജാമിഅഃ ലോകം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിലെ വ്യത്യസ്ഥവും വൈവിധ്യവുമായ ആവിഷ്‌കാരങ്ങളൊരുക്കിയാണ് എക്‌സിബിഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

Related Articles