Current Date

Search
Close this search box.
Search
Close this search box.

പാനായിക്കുളം കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

കൊച്ചി: പാനായിക്കുളത്ത് രഹസ്യമായി സിമി ക്യാംപ് നടത്തിയെന്ന കേസില്‍ എന്‍.ഐ.എ കോടതി ശിക്ഷിച്ച മുഴുവന്‍ പേരെയും ഹൈക്കോടതി വെറുതെ വിട്ടു.

വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍.ഐ.എ നല്‍കിയ അപ്പീലും കോടതി തള്ളി. ഈരാറ്റുപേട്ട നടക്കല്‍ പീടികക്കല്‍ വീട്ടില്‍ ഹാരിസ് എന്ന പി.എ. ഷാദുലി, ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിക്, ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്‌വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍ എന്ന നിസുമോന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് എന്നിവരെയാണ് സിമി ക്യാമ്പ് നടത്തിയെന്ന കുറ്റം ചുമത്തി എന്‍.ഐ.എ കോടതി ശിക്ഷിച്ചിരുന്നത്. റാസിഖിനും ശാദുലിക്കും 14 വര്‍ഷം തടവ് ശിക്ഷയായിരുന്നു എന്‍.ഐ.എ കോടതി വിധിച്ചത്. മറ്റുള്ളവര്‍ക്ക് 12 വര്‍ഷവുമാണ് ശിക്ഷ വിധിച്ചിരുന്നത്. കേസിലെ രണ്ടും മൂന്നും പ്രതികളായ അബ്ദുല്‍ റാസിഖ്, അന്‍സാര്‍ നദ്‌വി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഒന്നും നാലും അഞ്ചും പ്രതികളായ പി.എ. ഷാദുലി, നിസാമുദ്ദീന്‍, ഷംനാസ് എന്നിവര്‍ക്കെതിരെ യു.എ.പി.എ, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. മാപ്പുസാക്ഷിയാക്കിയ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2006 ഓഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരസ്യമായി സംഘടിപ്പിച്ച പരിപാടി രഹസ്യ ദേശവിരുദ്ധ ഗൂഢാലോചനയായി ചിത്രീകരിക്കുകയാണ് ചെയ്തിരുന്നത്. തെളിവുകളുടെയും സത്യത്തിന്റെയും പിന്‍ബലമില്ലാതെ എന്‍.ഐ.എ കെട്ടിച്ചമച്ച കേസില്‍ ജുഡീഷ്യറിയുടെ അന്തസ്സത്തയ്ക്കും വിശ്വാസ്യതയ്ക്കും നിരക്കാത്ത വിധിയാണ് വിചാരണക്കോടതിയില്‍ നിന്നുണ്ടായതെന്ന് അപ്പീലില്‍ പറയുന്നു.

2006 ആഗസ്ത് 15ന് സ്വാതന്ത്ര്യദിനത്തില്‍ പരസ്യമായി നടന്ന പരിപാടി രഹസ്യ ദേശവിരുദ്ധ ഗൂഢാലോചനയായി ചിത്രീകരിക്കപ്പെടുകയാണ് ചെയ്തത്. പ്രസംഗത്തിന്റെ പേരിലാണ് തീവ്രവാദമാരോപിച്ച് കേസെടുത്തത്. പൊലിസ്, സര്‍ക്കാര്‍ ജീവനക്കാരെ സാക്ഷിയാക്കിയായിരുന്നു പരിപാടി നടന്നിരുന്നത്. ജനങ്ങള്‍ തടിച്ചുകൂടുന്ന സ്ഥലത്ത് നേരത്തെ ഓഡിറ്റോറിയം ബുക്ക്‌ചെയ്ത് നടത്തിയ പരിപാടി രഹസ്യ ക്യാംപായി ചിത്രീകരിച്ചതും ശിക്ഷിച്ചതും തെളിവുകളുടെ വിശ്വസനീയമായ പിന്‍ബലമില്ലാതെയാണെന്നുമാണ് അപ്പീല്‍ ഹരജിയില്‍ പ്രതികള്‍ വാദിച്ചത്.

Related Articles