Current Date

Search
Close this search box.
Search
Close this search box.

പനമരത്തെ പീപ്പിള്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചു

വയനാട്: പനമരത്തെ 25 കുടുംബങ്ങള്‍ ഇനി പീപ്പിള്‍സ് വില്ലേജിലെ പീപ്പിള്‍സ് ഹോമിന്റെ തണലില്‍ സുരക്ഷിതരായി കഴിയും. 2018 പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി സന്നദ്ധ സംഘടനയായ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ വയനാട് പനമരത്ത് നിര്‍മിച്ച 25 വീടുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയ പീപ്പിള്‍സ് വില്ലേജ് ആണ് ഇന്ന് ഏറെ അഭിമാനത്തോടെ നാടിന് സമര്‍പ്പിച്ചത്. 2018ലെ പ്രളയ പുനരധിവാസ പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം കൂടിയായിരുന്നു ഇന്ന്. 25 വീടുകള്‍, പ്രീസ്‌കൂള്‍, പ്രാഥമികാരോഗ്യ കേന്ദ്രം, കളി സ്ഥലം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ പദ്ധതി.

പദ്ധതി സമാപന പ്രഖ്യാപനം ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ പ്രസിഡന്റ് സയ്യിദ് സആദത്തുള്ള ഹുസൈനി നിര്‍വഹിച്ചു. പനമരത്തെ പീപ്പിള്‍സ് വില്ലേജിന്റെ ഉദ്ഘാടനം വീഡിയോ ലോഞ്ച് ചെയ്ത് കൊണ്ട് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ ടി ആരിഫലി നിര്‍വഹിച്ചു. ജമാഅത്തെ ഇസ്്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. കേരള നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,പി.വി അബ്ദുല്‍ വഹാബ് എം.പി,ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ,വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി നസീമ, എ.ഡി.എം യൂസഫ്,പി മുജീബ്‌റഹ്്മാന്‍,വെല്‍ഫെയര്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് റസാഖ് പാലേരി,ഷൈനി കൃഷ്ണ,എസ്.എ.പി സലാം,പി.യു അബ്ദുല്ല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് പദ്ധതി വിശദീകരണം നടത്തി. ചെയര്‍മാന്‍ എം.കെ മുഹമ്മദലി സ്വാഗതവും ജമാഅത്തെ ഇസ്്‌ലാമി വയനാട് ജില്ല പ്രസിഡന്റ് ടി.പി യൂനുസ് നന്ദിയും പറഞ്ഞു. പദ്ധതിയുമായി സഹകരിച്ചവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും വേദിയില്‍ വെച്ച് നടന്നു.

ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്. പൊതുജനങ്ങള്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ വഴി തത്സമയം പരിപാടി വീക്ഷിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.

ഗവ. സഹായത്തിന് അര്‍ഹരാണെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതില്‍ പ്രയാസം നേരിട്ടവരുമായവര്‍ക്കാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പദ്ധതികളില്‍ മുന്‍ഗണന നല്‍കിയത്. ഫൗണ്ടേഷന്‍ കോഡിനേറ്റര്‍മാര്‍ നേരിട്ട് സര്‍വ്വേ നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്. വിവിധ ഏജന്‍സികളുടെയും, പൊതുജനങ്ങളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും 25 കോടി രൂപ ചെലവ് വരുന്ന പദ്ധതികളാണ് ഫൗണ്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. 300 പുതിയ വീടുകള്‍, 1000 വീടുകളുടെ അറ്റകുറ്റപ്പണികള്‍, 1000 സ്വയം തൊഴില്‍ പദ്ധതി, 50 കുടിവെള്ള പദ്ധതികള്‍, സ്‌കോളര്‍ഷിപ്പ്, ചികിത്സ തുടങ്ങി ജനങ്ങളുടെ അതിജീവനത്തിന് വേണ്ടി പ്രഖ്യാപിച്ച മുഴുവന്‍ പദ്ധതികളും രണ്ട് വര്‍ഷം കൊണ്ട് ഫൗണ്ടേഷന് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. മലപ്പുറം നമ്പൂരിപെട്ടി, കോട്ടയം ഇല്ലിക്കല്‍, വയനാട്ടിലെ തന്നെ മാനന്തവാടി, മീനങ്ങാടി എന്നിവിടങ്ങളിലെ പീപ്പിള്‍സ് വില്ലേജുകളും പുനരധിവാസ പദ്ധതികളില്‍ ഉള്‍പ്പെടുന്നതാണ്.

പീപ്പിള്‍സ് ഫൗണ്ടേഷന്റെ 10 കോടി രൂപ ചെലവ് വരുന്ന 2019 പ്രളയ പുനരധിവാസ പദ്ധതികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയത്തില്‍ ഏറെ നാശനഷ്ടം നേരിട്ട 600ല്‍ പരം ചെറുകിട കച്ചവടക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. 140 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള പദ്ധതിയും വിവിധ ഘട്ടങ്ങളിലാണ്. 2019 പ്രളയ പുനരധിവാസ പദ്ധതികളും ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Related Articles