Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ആക്രമണത്തില്‍ ഫലസ്തീനി വനിത കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഞായറാഴ്ച നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഒരു ഫലസ്തീന്‍ വനിത കൊല്ലപ്പെട്ടു. സൈന്യം നടത്തിയ വെടിവെപ്പിലാണ് റിയാബ് അല്‍ റൗബയെന്ന 60കാരി കൊല്ലപ്പെട്ടത്. മറ്റൊരു വെടിവെപ്പില്‍ മൂന്ന് ഇസ്രായേലികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

വെസ്റ്റ് ബാങ്കിലെ ഗഷ് എത്സിയോണ്‍ ജങ്ഷനില്‍ വെച്ച് ഇസ്രായേല്‍ സൈന്യവും റിയാബും തമ്മില്‍ സംഘട്ടനമുണ്ടാവുകയും സൈന്യം ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. സൈനികരെ കത്തികൊണ്ട് ആക്രമിക്കാന്‍ തുനിഞ്ഞപ്പോഴാണ് വെടിവെച്ചതെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. പരുക്കുകളോടെ ജറൂസലേമിലെ ആശുപത്രിയില്‍ വെച്ചാണ് റിയാബ് മരിച്ചത്.

ഇതേ ദിവസം തന്നെ തിരക്കേറിയ കവലയില്‍ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയും മൂന്ന് ഇസ്രായേലികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കാറില്‍ നിന്നാണ് ആക്രമികള്‍ വെടിയുതിര്‍ത്തതെന്നും അക്രമികളെ തിരയുകയാണെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

മുസ്ലീം പുണ്യമാസമായ റമദാനില്‍ വെസ്റ്റ് ബാങ്കിലും ജറുസലേമിലും ഇസ്രായേലും ഫലസ്തീനികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. നേരത്തെയും ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.

Related Articles