Current Date

Search
Close this search box.
Search
Close this search box.

വിവാദ കരാര്‍: അബുദബി കിരീടാവകാശിയുടെ ചിത്രങ്ങള്‍ കത്തിച്ച് ഫലസ്തീനികള്‍

ഗസ്സ സിറ്റി: ഇസ്രായേലുമായുണ്ടാക്കിയ വിവാദ നയതന്ത്ര കരാറിന്‍മേലുള്ള പ്രതിഷേധത്തിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നില്ല. യു.എ.ഇക്കെതിരെ ഫലസ്തീന്‍ തെരുവുകളില്‍ ആരംഭിച്ച പ്രതിഷേധ റാലികള്‍ ഇപ്പോഴും തുടരുകയാണ്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലേമിലും ഗസ്സ മുനമ്പിലും നൂറുകണക്കിന് പേരാണ് കഴിഞ്ഞ ദിവസവും പ്രതിഷേധവുമായി ഒത്തുചേര്‍ന്നത്. കരാറിനെ രാജ്യദ്രോഹമെന്നും വിശ്വാസ വഞ്ചനയാണെന്നുമാണ് അവര്‍ വിശേഷിപ്പിച്ചത്.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരമാണ് ജറൂസലേമില്‍ പ്രതിഷേധ റാലി ആരംഭിച്ചത്. മസ്ജിദുല്‍ അഖ്‌സയില്‍ നിന്ന് ജുമുഅക്ക് ശേഷം നടന്ന പ്രതിഷേധത്തില്‍ അബൂദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ചിത്രങ്ങളും കോലങ്ങളും കീറുകയും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.

ഫലസ്തീന്റെ പതാകയേന്തി മുദ്രാവാക്യം വിളിച്ച ഫലസ്തീനികളെ ഇസ്രായേല്‍ പൊലിസ് തെരുവില്‍ തടഞ്ഞു. പോസ്റ്ററുകള്‍ പിടിച്ചെടുക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇസ്രായേലിലെ ഹാരെറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. സമാനമായ പ്രതിഷേധം ഗസ്സ സിറ്റിയിലും നബ്‌ലസിലും ഹാരിസ് ഗ്രാമത്തിലും നടന്നു.

Related Articles