Current Date

Search
Close this search box.
Search
Close this search box.

അറബ് ലീഗിന്റെ അധ്യക്ഷ സ്ഥാനം രാജിവെച്ച് ഫലസ്തീന്‍

palestine1.jpg

വെസ്റ്റ്ബാങ്ക്: അറബ് ലീഗിന്റെ അധ്യക്ഷ സ്ഥാനം രാജിവെച്ച് ഫലസ്തീന്‍. യു.എ.ഇയും ബഹ്‌റൈനും അടക്കമുള്ള അറബ് ലീഗ് അംഗങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര കരാറില്‍ ഏര്‍പ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഫലസ്തീന്‍ അധ്യക്ഷ പദവി ഒഴിയുന്നത്. ചൊവ്വാഴ്ച ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്രായേലുമായി ബന്ധമുണ്ടാക്കുന്ന കരാറിനെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഈ മാസമാദ്യത്തില്‍ ഇസ്രായേല്‍ കരാറിനെ അപലപിക്കുന്ന പ്രമേയം പാസാക്കുന്നതില്‍ ഫലസ്തീന്‍ പരാജയപ്പെട്ടിരുന്നു. അറബ് ലീഗിന്റെ അടുത്ത അഞ്ച് മാസത്തേക്കുള്ള അധ്യക്ഷസ്ഥാനം ഫലസ്തീനായിരുന്നു. വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയില്‍ വെച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മാലികി ഫലസ്തീന് ഇനി ഈ പദവി ആവശ്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗെയ്തിനെ ഫലസ്തീന്റെ തീരുമാനം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ സംഘടനാ നേതാക്കളുമായി സൗദിയടക്കമുള്ള രാജ്യങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല.

കഴിഞ്ഞയാഴ്ച വാഷിങ്ടണില്‍ വെച്ചാണ് യു.എ.ഇ,ബഹ്റൈന്‍ രാഷ്ട്ര നേതാക്കള്‍ ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്. ട്രംപിന്റെ നേതൃത്വത്തിലായിരുന്നു കരാര്‍. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി,ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരാണ് പരസ്പരം കരാറില്‍ ഒപ്പുവെച്ചത്.

ആദ്യമായിട്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത്. നേരത്തെ ഈജിപ്ത്,ജോര്‍ദാന്‍ എന്നീ അറബ് രാജ്യങ്ങള്‍ മാത്രമാണ് ഇസ്രായേലുമായി നയതന്ത്രം ബന്ധം സ്ഥാപിച്ചിരുന്നത്.

Related Articles