Current Date

Search
Close this search box.
Search
Close this search box.

പാലക്കാട് പബ്ലിക് ലൈബ്രറിയില്‍ ഇസ്ലാമിക് കള്‍ച്ചറല്‍ കോര്‍ണര്‍

പാലക്കാട്: അറിവിന്റെ രത്‌ന ഖനിയായി വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ ഇനി മുതല്‍ ഇസ്‌ലാമിക പഠനത്തിനും വായനക്കുമായി ഇസ്‌ലാമിക് കള്‍ച്ചറല്‍ കോര്‍ണറും പ്രവര്‍ത്തന സജ്ജമായി. കഴിഞ്ഞ ദിവസം പ്രമുഖ സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു.

വൈജ്ഞാനിക വ്യവഹാരങ്ങള്‍ ഡിജിറ്റല്‍ പതിപ്പുകളായി രൂപാന്തരപ്പെട്ട ആധുനിക കാലത്ത് വായനയും പുതിയ ലോകങ്ങള്‍ തേടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുസ്തക വായനാശീലം ധൈഷണിക മേഖലകളില്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങളെ കൂടി അപഗ്രഥിച്ചു വേണം മാറിയ ലോകത്തെ സാംസ്‌കാരിക സാഹചര്യങ്ങളെ സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും വിലയിരുത്തുവാനെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ ഇസ്ലാമിക് കോര്‍ണര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹത്തായ ഗ്രന്ഥ കലവറകളാണ് അറിവന്വേഷണങ്ങളെ അടയാളപ്പെടുത്തുക. വായിക്കുന്നു എന്നതിനോടൊപ്പം എങ്ങനെ വായിക്കുന്നു, എന്ത് വായിക്കുന്നു, എന്നതും പ്രധാനമാണെന്നും ഇസ്‌ലാം വായനക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക സദസ്സ് ഐ.പി.എച്ച് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ മതസമൂഹങ്ങള്‍ക്കിടയില്‍ ചര്‍ച്ചകളും ആരോഗ്യകരമായ സംവാദങ്ങളിലൂടെയും പരസ്പരം അറിയുമ്പോഴാണ് മതമൈത്രിയും സാമൂഹിക സൗഹാര്‍ദ്ദവും നിലനില്‍ക്കുകയുള്ളൂവെന്നും പരസ്പര സാഹോദര്യവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഏഴായിരത്തോളം അംഗങ്ങള്‍ ഉള്ള ജില്ലാ ലൈബ്രറിയില്‍ നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഇസ്‌ലാമിക് കോര്‍ണറിനും ഇടം നല്‍കിയതെന്ന് ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച ലൈബ്രറി സെക്രട്ടറി ടി.ആര്‍ അജയന്‍ പറഞ്ഞു. സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ കെ.പി.എസ് പയ്യനെടം, ഫറോക്ക് ഇര്‍ഷാദിയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ആര്‍.യൂസുഫ്, ഡയലോഗ് സെന്റര്‍ ജില്ലാ രക്ഷാധികാരി അബ്ദുല്‍ ഹക്കീം നദ്‌വി എന്നിവര്‍ സംസാരിച്ചു.

ഡയലോഗ് സെന്റര്‍ ജില്ലാ സെക്രട്ടറി നൗഷാദ് മുഹ്‌യുദ്ദീന്‍ സ്വാഗതവും കണ്‍വീനര്‍ എം. അബ്ദുല്‍മജീദ് നന്ദിയും പറഞ്ഞു. ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന്റെയും ഡയലോഗ് സെന്ററിന്റെയും സഹകരണത്തോടെയാണ് ഇസ്‌ലാമിക് കള്‍ച്ചറല്‍ കോര്‍ണര്‍ ഒരുക്കിയത്.

 

Related Articles