Current Date

Search
Close this search box.
Search
Close this search box.

‘നാര്‍ക്കോട്ടിക് ജിഹാദ്’; വര്‍ഗ്ഗീയ പരാമര്‍ശവുമായി പാലാ ബിഷപ്പ്

പാലാ: സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കുന്ന പരാമര്‍ശവുമായി വര്‍ഗ്ഗീയ വിഷം തുപ്പി പാല രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രംഗത്ത്. ലൗ ജിഹാദിന്റെ കൂടെ കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇതിന് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇരയാക്കുകയാണെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന അവസ്ഥയാണ്. മുസ്‌ലിംകള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം.

കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേക ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലൗ ജിഹാദ് ഇല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതര മതസ്ഥരായ യുവതികള്‍ ഐ.എസ് ക്യാമ്പില്‍ എങ്ങിനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിലാണ് ഇദ്ദേഹം വിവാദമായ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തിത്. ലൗ ജിഹാദിന്റെ ഭാഗമായി പല പെണ്‍കുട്ടികളും മതംമാറ്റപ്പെടുന്നുണ്ട്. മുസ്‌ലിംകള്‍ അല്ലാത്തവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇവരെ സഹായിക്കുന്ന ഒരു സംഘം കേരളത്തിലുണ്ടെന്നും അവരെ കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലീം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പല തരത്തില്‍ ശ്രമം നടക്കുന്ന അവസ്ഥ നിലവിലുണ്ട് ഹലാല്‍ വിവാദമൊക്കെ ഇതിന്റെ ഭാഗമാണ്. ഈ സാഹചര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് തന്റെ പ്രസംഗത്തില്‍ പറയുന്നുണ്ട്.

അതേസമയം, പാലാ ബിഷപ്പിന്റെ വര്‍ഗ്ഗീയ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഇതിനോടകം ഉയര്‍ന്നത്. സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള മനപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പരാമര്‍ശങ്ങള്‍ എന്നാണ് പ്രധാന വിമര്‍ശനം.

Related Articles