Current Date

Search
Close this search box.
Search
Close this search box.

ന്യൂജഴ്‌സിയിലെ സ്വാതന്ത്ര്യദിനാഘോഷ പ്ലോട്ടിനെതിരെ വ്യാപക പ്രതിഷേധം

ന്യൂജഴ്‌സി: അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ വെച്ച് നടന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മോദിയുടെയും യോഗിയുടെയും ബുള്‍ഡോസര്‍ രാജിന്റെ പ്ലോട്ട് ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം. ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ വരെ രാഷ്ട്രീയ നേട്ടമായി കാണിക്കാന്‍ വേണ്ടിയാണ് പ്ലോട്ട് ഉപയോഗിച്ചതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ ബിസിനസ് അസോസിയേഷന്‍ ആണ് ന്യൂ ജഴ്‌സി നഗരത്തില്‍ റാലി സംഘടിപ്പിച്ചത്.

ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ പ്രതീകമായും രാജ്യത്തെ ന്യൂനപക്ഷ മുസ്ലീം സമുദായത്തെ ഭയപ്പെടുത്താനുള്ള ഉപകരണമായും മാറിയ ഒന്നാണ് ബുള്‍ഡോസര്‍ രാജെന്ന് വിമര്‍ശകര്‍ പറഞ്ഞു.

സെന്‍ട്രല്‍ ന്യൂജേഴ്സിയിലെ എഡിസണില്‍ ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനത്തെ അനുസ്മരിച്ച് നൂറുകണക്കിന് ഇന്ത്യന്‍ അമേരിക്കക്കാരാണ് ഞായറാഴ്ച റാലി നടത്തിയത്. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇന്ത്യയുടെ ത്രിവര്‍ണ പതാകയും വഹിച്ചുകൊണ്ട് തെരുവുകളിലൂടെ നടന്നു. റാലിയില്‍ നിരവധി പ്രാദേശിക രാഷ്ട്രീയക്കാരും ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ വക്താവും പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ യോഗി ആദിത്യനാഥിന്റെയും പോസ്റ്ററുകള്‍ കൊണ്ട് അലങ്കരിച്ച ഒരു ബുള്‍ഡോസര്‍ ആണ് റാലിയില്‍ ഉള്‍പ്പെടുത്തിയത്.

ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സിലും (ഐ.എ.എം.സി) ഇതിനെതിരെ രംഗത്തുവന്നു. ‘മുസ്ലീം വിരുദ്ധ വിദ്വേഷത്തിന്റെ നഗ്‌നമായ പ്രകടനമാണിതെന്ന് നിങ്ങള്‍ സ്വയം ചോദിക്കണം. സ്വാതന്ത്ര്യത്തെ ആസ്പദമാക്കിയുള്ള ഒരു പരേഡില്‍ ബുള്‍ഡോസറിന് എന്താണ് ചെയ്യാനുള്ളത്?’ – ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ വക്താവ് മുഹമ്മദ് ജവാദ് ചോദിച്ചു.

 

Related Articles