Current Date

Search
Close this search box.
Search
Close this search box.

ഒമാന്‍ ഉള്‍ക്കടലിലെ എണ്ണക്കപ്പല്‍ ആക്രമണത്തിനു പിന്നില്‍ ഇറാനെന്ന് യു.എസ്

വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി യു.എസ് രംഗത്ത്. ഇത് തെളിയിക്കുന്ന വീഡിയോകളും യു.എസ് പുറത്തുവിട്ടിട്ടുണ്ട്. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് (IRGC) പൊട്ടിക്കാത്ത ബോംബ് കപ്പലില്‍ നിന്നും കൊണ്ടുപോകുന്നു എന്നു പറയുന്ന ഒരു വീഡിയോ ആണ് യു.എസ് പുറത്തുവിട്ടത്. അതേസമയം ആരോപണം ഇറാന്‍ തള്ളി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആണ് ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. നേരത്തെ മേയ് 12ന് യു.എ.ഇ കടലിടുക്കിലും സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിനു പിന്നിലും ഇറാനാണെന്ന് യു.എസ് ആരോപിച്ചിരുന്നു. ഇതോടെ മധ്യേഷ്യയിലെ എണ്ണ കയറ്റുമതിയില്‍ ആശങ്ക നിലനില്‍ക്കുകയാണ്.

മേഖലയിലെ ഇന്ധന വില വര്‍ധനവിനും ഇത് ഇടയാക്കുന്നുണ്ട്. മേഖലയിലെ സംഘര്‍ഷ സാധ്യതയില്‍ മുന്നറിയിപ്പുമായി യു.എന്നും രംഗത്തെത്തിയിട്ടുണ്ട്. യു.എസ്-ഇറാന്‍ സംഘര്‍ഷത്തിന് മധ്യസ്ഥ ശ്രമവുമായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം എണ്ണക്കപ്പലുകള്‍ക്ക് നേരം വീണ്ടും അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്. എന്നാല്‍ സംഘര്‍ഷം വ്യാപിപിക്കാന്‍ യു.എസ് മനപൂര്‍വം ആക്രമണം നടത്തുകയാണെന്നാണ് ഇറാന്റെ വാദം.

Related Articles