Current Date

Search
Close this search box.
Search
Close this search box.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു

മസ്‌കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് (79) വിടവാങ്ങി. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഒമാന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 49 വര്‍ഷമായി ഒമാന്റെ ഭരണാധികാരിയാണ്. ഭരണത്തില്‍ 50 വര്‍ഷം തികയ്ക്കാന്‍ ഏഴ് മാസം ബാക്കി നില്‍ക്കെയാണ് മരണം. സുല്‍ത്താന്റെ മരണത്തെ തുടര്‍ന്ന് ഒമാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനില്‍ മൂന്ന് ദിവസം പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. സുല്‍ത്താന്റെ മരണത്തെ തുടര്‍ന്ന് പുതിയ ഭരണാധികാരിയെ കണ്ടെത്താന്‍ തിരക്കിട്ട നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. 72 മണിക്കൂറിനകം പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കും. ആധുനിക ഒമാന്റെ ശില്‍പി എന്നാണ് അദ്ദഹം അറിയപ്പെടുന്നത്.

49 വര്‍ഷം ഒമാന്റെ പരമാധികാരി, വികസനത്തിലേക്ക് നയിച്ച ഭരണാധികാരി, പകരം വെക്കാനില്ലാത്ത രാഷ്ട്ര ശില്‍പി,സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്ന രാജ്യത്തിന്റെ പര്യായമായിരുന്നു അതിന്റെ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ്. 49 വര്‍ഷം തുടര്‍ച്ചയായി രാഷ്ട്രപിതാവ്, പ്രസിഡന്റ്, പ്രധാനമന്ത്രി, സൈനിക മേധാവി തുടങ്ങി എല്ലാ സുപ്രധാന പദവികളും വഹിച്ച പരമാധികാരിയായിരുന്നു അദ്ദേഹം.

1940 നവംബര്‍ 18 ന് സലാലയിലായിരുന്നു ഖാബൂസിന്റെ ജനനം. അന്നത്തെ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും ശൈഖ മസൂനയുടെയും ഏക മകന്‍. ഇംഗ്ലണ്ടിലായിരുന്നു ഉപരിപഠനം. 1970 ജൂലൈ 23ന് ഖാബൂസ് പിതാവ് സഈദ് ബിന്‍ തൈമൂറില്‍ നിന്ന് അധികാരം പിടിച്ചെടുത്തു. അന്ന് മുതല്‍ ഒമാന്റെ എല്ലാമെല്ലാം സുല്‍ത്താന്‍ ഖാബൂസാണ്. ഊഷര ഭൂമിയില്‍ നിന്ന് ആധുനികതയിലേക്ക് ഒമാനെ നയിച്ച ഭരണാധികാരി. ഇന്ത്യന്‍ കറന്‍സി മാറ്റി നാട്ടില്‍ സ്വന്തം കറന്‍സി കൊണ്ടുവന്നു. ശക്തമായ നിയമവ്യവസ്ഥ ഏര്‍പ്പെടുത്തി. ഗള്‍ഫിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യത്ത് ഓരോ ഗ്രാമത്തിലും വൈദ്യുതിയും വെള്ളവും ആരോഗ്യവും വിദ്യാഭ്യാസവും എത്തിച്ചു. വിസ്മയകരമായ വികസന മുന്നേറ്റമാണ് സുല്‍ത്താന്‍ കാഴ്ച വച്ചത്.

2014ല്‍ രോഗബാധിതനായ സുല്‍ത്താന്‍ ദീര്‍ഘകാലം ജര്‍മനിയില്‍ ചികില്‍സയിലായിരുന്നു. അര്‍ബുദ രോഗബാധ സ്ഥിരീകരിച്ച ശേഷം കഴിഞ്ഞ ഡിസംബര്‍ 14നാണ് ഏറ്റവും ഒടുവില്‍ ചികില്‍സ കഴിഞ്ഞ് മടങ്ങിയത്. മരണം സ്വന്തം മണ്ണിലാവണം എന്നതായിരുന്നു ആഗ്രഹം. വിവാഹ മോചിതനായ സുല്‍ത്താന് മക്കളില്ലായിരുന്നു. അതുകൊണ്ട് ഒമാന് പ്രഖ്യാപിത കിരീടാവകാശിയും ഉണ്ടായില്ല.

Related Articles