Current Date

Search
Close this search box.
Search
Close this search box.

‘നോണ്‍ വെജ് ഭക്ഷണം ഉണ്ടാകില്ല, ഇവിടെ ആര്യസമാജ തത്വമാണ് പിന്തുടരുന്നത്’

ന്യൂഡല്‍ഹി: നോണ്‍ വെജ് ഭക്ഷണം ഉണ്ടാകില്ലെന്നും കോളേജില്‍ ആര്യസമാജ തത്വമാണ് പിന്തുടരുന്നതെന്നും ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ ഹന്‍സ് രാജ് കോളേജ് പ്രിന്‍സിപ്പല്‍. സ്ഥാപനം ആര്യസമാജത്തിന്റെ തത്വശാസ്ത്രം പിന്തുടരുന്നതിനാല്‍ ഹോസ്റ്റലിലും കാന്റീനിലും സസ്യേതര ഭക്ഷണം നല്‍കേണ്ടതില്ലെന്നാണ് തീരുമാനമെന്നും ഇത് പിന്‍വലിക്കില്ലെന്നും കോളേജ് പ്രിന്‍സിപ്പലായ രമ ശര്‍മ ബുധനാഴ്ച പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് -19 ലോക്ക്ഡൗണിന് ശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കോളേജ് വീണ്ടും തുറന്നതുമുതലാണ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം നല്‍കുന്നത് നിര്‍ത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.

‘കോളേജിലെ 90% വിദ്യാര്‍ത്ഥികളും സസ്യഭുക്കുകളാണെന്നും ഹോസ്റ്റലില്‍ സസ്യേതര ഭക്ഷണം വിളമ്പുന്നതില്‍ ഇവര്‍ നേരത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നുമാണ് രമ ശര്‍മ്മ പറയുന്നത്. മാംസാഹാര നിരോധനത്തെക്കുറിച്ച് ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന വിദ്യാര്‍ത്ഥികളുടെ വാദങ്ങളും അവര്‍ നിഷേധിച്ചു, ഹോസ്റ്റലില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കില്ലെന്ന് ഹോസ്റ്റല്‍ പ്രോസ്പെക്ടസില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

‘നോണ്‍ വെജ് ഭക്ഷണം സംബന്ധിച്ച നോട്ടീസ് ഞങ്ങള്‍ പിന്‍വലിക്കാന്‍ പോകുന്നില്ല, ഇതൊരു ആര്യസമാജ കോളേജാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെതായ തത്വചിന്തയുണ്ട്, അതുകൊണ്ട് ഞങ്ങള്‍ നോണ്‍-വെജ് ഭക്ഷണം വിളമ്പില്ല…സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ‘ഹോമം’ നടത്താന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല, ഖല്‍സ കോളേജ് നിയമങ്ങളില്‍ ഞങ്ങള്‍ ഇടപെടുന്നില്ല. പിന്നെ എന്തിനാണ് ഞങ്ങളെ ചോദ്യം ചെയ്യുന്നത്? രമ ശര്‍മ്മ ചോദിച്ചു.

ലോക്ക്ഡൗണിന് മുമ്പ് കോളേജില്‍ ചിക്കന്‍ വിഭവങ്ങള്‍ വിളമ്പിയിരുന്നെന്നും എന്നാല്‍ ലോക്ക്ഡൗണിന് ശേഷം കോളേജ് പുനരാരംഭിച്ചപ്പോള്‍ കോളേജ് അധികൃതര്‍ അത് നിര്‍ത്തലാക്കിയെന്നും രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ത്ഥി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ‘അവര്‍ ഇനി മുട്ട പോലും വിളമ്പില്ല.’മധ്യ ആഫ്രിക്കയില്‍ വിദ്യാര്‍ത്ഥിക്ക് ഈ തീരുമാനം കാരണം ഹോസ്റ്റല്‍ വിട്ട് ഒരു സ്വകാര്യ താമസസ്ഥലത്തേക്ക് മാറേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles