Current Date

Search
Close this search box.
Search
Close this search box.

ശ്രീലങ്കയില്‍ നിഖാബ് നിരോധനം പിന്‍വലിക്കുന്നതില്‍ അനിശ്ചിതത്വം

കൊളംബോ: കഴിഞ്ഞ ഓഗസ്റ്റ് 22നാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചത്. എന്നാല്‍ അടിയന്തരാവസ്ഥയോടനുബന്ധിച്ച് നടപ്പാക്കിയ മുസ്ലിം സ്ത്രീകളുടെ നിഖാബ് (മുഖപടം) നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. രാജ്യത്തെ മുസ്‌ലിം സമുദായത്തിനകത്ത് തന്നെ നിഖാബ് വിഷയത്തില്‍ രണ്ടഭിപ്രായം ഉയര്‍ന്നതോടെയാണ് നിഖാബ് നിരോധിക്കണോ വേണ്ടയോ എന്ന വിഷയത്തില്‍ അനിശ്ചിതത്വം ഉയര്‍ന്നു വന്നത്. കഴിഞ്ഞ ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേറാക്രമണത്തെത്തുടര്‍ന്നായിരുന്നു ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ നടപ്പിലാക്കിയതും നിഖാബ് നിരോധിച്ചതും.

ശ്രീലങ്കയിലെ ഭൂരിപക്ഷ സുന്നി മുസ്ലിം വിഭാഗത്തിന്റെ ഉപ വിഭാഗമായ ആള്‍ സിലോണ്‍ ജംഇയ്യത്തുല്‍ ഉലമ മുസ്‌ലിംകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാണെന്നും എന്നാല്‍ രാജ്യത്തിന്റെ സുരക്ഷ മാനിച്ച് പൊതുസ്ഥലങ്ങളില്‍ മുഖം മറക്കുന്നത് ഒഴിവാക്കാമെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, മുസ്ലിം സ്ത്രീകള്‍ ഭയമില്ലാതെ നിഖാബ് ധരിക്കാമെന്നും ഇത് തടയുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും പറഞ്ഞ് ഒരു വിഭാഗം പണ്ഡിതരും രംഗത്തു വന്നു. ഇതോടെയാണ് വിവാദം ചൂടുപിടിച്ചത്. മൂടുപടത്തെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഇപ്പോള്‍ രംഗത്തു വന്നത്. ഇതോടെ ശ്രീലങ്കയിലെ മുസ്ലിം സമുദായാംഗങ്ങള്‍ക്കിടയില്‍ തന്നെ നിഖാബ് വിഷയത്തില്‍ ഭിന്നാഭിപ്രായം വന്നതോടെയാണ് നിരോധനം നീക്കണോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത്.

Related Articles