Current Date

Search
Close this search box.
Search
Close this search box.

പ്രളയ പുനരധിവാസം: നിലമ്പൂരില്‍ 12 വീടുകളുമായി പീപ്പിള്‍സ് വില്ലേജ്

മലപ്പുറം: പ്രളയ പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് മാതൃകയായി വീണ്ടും പീപ്പിള്‍സ് ഫൗണ്ടേഷന്‍. പ്രഖ്യാപിച്ച പദ്ധതികളെല്ലാം നേരത്തെ പൂര്‍ത്തീകരിച്ച് സര്‍ക്കാരിന്റെയടക്കം പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ എന്‍.ജി.ഒ. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ നമ്പൂരിപെട്ടിയില്‍ നിര്‍മ്മിച്ച 12 വീടുകളാണ് ഇപ്പോള്‍ ഉദ്ഘാടനത്തിനൊരുങ്ങിയത്. നിലമ്പൂര്‍ പീപ്പിള്‍സ് വില്ലേജ് ഉദ്ഘാടനം ജൂലൈ മൂന്നിന് വൈകുന്നേരം 4.00 മണിക്ക് നടക്കും. രാഷ്ട്രീയ-മത-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങ് 12 കുടുംബങ്ങളുടെ സ്വപ്‌നപൂര്‍ത്തീകരണം കൂടിയാകും. പരിപാടി തത്സമയം സോഷ്യല്‍ മീഡിയ വഴി കാണാനും സംവിധാനമൊരുക്കിയിട്ടുണ്ട്.

2018 ലെ പ്രളയകാലത്തെ നൊമ്പരമായിരുന്നു നിലമ്പൂര്‍ നമ്പൂരിപ്പെട്ടി പ്രദേശം. ഉരുള്‍പൊട്ടലിലും, മണ്ണിടിച്ചിലിലും നിരവധി കുടുംബങ്ങള്‍ക്കാണ് ഇവിടെ സര്‍വ്വതും നഷ്ടപ്പെട്ടത്. പ്രളയത്തെ അതിജീവിച്ച 12 കുടുംബങ്ങള്‍ നിലമ്പൂര്‍ പീപ്പിള്‍സ് വില്ലേജിലൂടെ പുതിയ ജീവിതം തുടങ്ങുകയാണ്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതലേ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ രംഗത്തുണ്ടായിരുന്നു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നത്. വീടുകളുടെ നിര്‍മാണവും, കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ പൂര്‍ത്തീകരണത്തിനും പുറമെ തൊഴില്‍ പദ്ധതികള്‍, വിവിധ ആശുപത്രികളുമായി സഹകരിച്ച് ഹെല്‍ത്ത് കാര്‍ഡ് വിതരണം, കുടിവെള്ള പദ്ധതികള്‍, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍കിറ്റുകള്‍, ലാപ്ടോപ്പ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കി.

ഗവ. സഹായത്തിന് അര്‍ഹരാണെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതില്‍ പ്രയാസം നേരിട്ടവരുമായവര്‍ക്കാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പദ്ധതികളില്‍ മുന്‍ഗണന നല്‍കിയത്. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ കോഡിനേറ്റര്‍മാര്‍ നേരിട്ട് സര്‍വ്വേ നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്. വിവിധ ഏജന്‍സികളുടെയും, പൊതുജനങ്ങളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും 25 കോടി രൂപ ചെലവ് വരുന്ന പദ്ധതികളാണ് ഫൗണ്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.

പീപ്പിള്‍സ് ഫൗണ്ടേഷന്റെ 10 കോടി രൂപ ചെലവ് വരുന്ന 2019 പ്രളയ പുനരധിവാസ പദ്ധതികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയത്തില്‍ ഏറെ നാശനഷ്ടം നേരിട്ട നിലമ്പൂരിലെയും, കണ്ണൂര്‍ ശ്രീകണ്ഠപുരത്തെയും 600 ല്‍ പരം ചെറുകിട കച്ചവടക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. പാരിസ്ഥിതിക സംരക്ഷണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 50000 വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിച്ചു. ഇന്‍ഫാഖ് സസ്റ്റൈനബിള്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്ക് കീഴിലുള്ള അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 140 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള പദ്ധതിയും വിവിധ ഘട്ടങ്ങളിലാണ്. 2019 പ്രളയ പുനരധിവാസ പദ്ധതികളും ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Related Articles