Current Date

Search
Close this search box.
Search
Close this search box.

നിലമ്പൂര്‍ പീപ്പിള്‍സ് വില്ലേജ് ഗുണഭോക്താക്കള്‍ക്ക് സമര്‍പ്പിച്ചു

മലപ്പുറം: 2018 പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍ പീപ്പിള്‍സ് വില്ലേജ് ഗുണഭോക്താക്കള്‍ക്കായി സമര്‍പ്പിച്ചു.

12 വീടുകളും കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉള്‍കൊള്ളുന്നതാണ് പീപ്പിള്‍സ് വില്ലേജ്.2018 ലെ പ്രളയകാലത്തെ നൊമ്പരമായിരുന്നു നിലമ്പൂര്‍ നമ്പൂരിപ്പെട്ടി പ്രദേശം. ഉരുള്‍പൊട്ടലിലും, മണ്ണിടിച്ചിലിലും നിരവധി കുടുംബങ്ങള്‍ക്കാണ് ഇവിടെ സര്‍വ്വതും നഷ്ടപ്പെട്ടത്. പ്രളയത്തെ അതിജീവിച്ച, സര്‍വ്വതും നഷ്ട്ടപ്പെട്ട 12 കുടുംബങ്ങള്‍ നിലമ്പൂര്‍ പീപ്പിള്‍സ് വില്ലേജിലൂടെ ജീവിതം തുടങ്ങുകയാണ്.

മന്ത്രിമാരായ ബഹു.ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ , ബഹു.ശ്രീ.കെ.കൃഷ്ണന്‍കുട്ടി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസി.അമീര്‍ മുഹമ്മദ് സലീം എഞ്ചിനീയര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പരിപാടിയില്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, പി.കെ കുഞ്ഞാലിക്കുട്ടി എം.പി , പി.വി അബ്ദുല്‍ വഹാബ് എം.പി, അനില്‍ കുമാര്‍ എം.എല്‍.എ, പി.കെ ബഷീര്‍ എം.എല്‍.എ, പി.വി.അന്‍വര്‍ എം.എല്‍.എ, ചലച്ചിത്ര പിന്നണി ഗായിക കെ.എസ് ചിത്ര, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ജമാഅത്തെ ഇസ്ലാമി കേരള അസി.അമീര്‍ പി.മുജീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി വി.ടി അബ്ദുള്ളക്കോയ തങ്ങള്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണ്ണന്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി, അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ശാന്തപുരം റെക്റ്റര്‍ അബ്ദുസ്സലാം വാണിയമ്പലം, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി പ്രകാശ്, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലിം മമ്പാട് ,ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാന്‍ തുടങ്ങി സാമൂഹിക രാഷ്ട്രീയ മത രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു.

ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പൊതുജനങ്ങള്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ വഴി തത്സമയം പരിപാടി വീക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു. പീപ്പിള്‍സ് ഫൗണ്ടേഷന്റെ 10 കോടി രൂപ ചെലവ് വരുന്ന 2019 പ്രളയ പുനരധിവാസ പദ്ധതികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയത്തില്‍ ഏറെ നാശനഷ്ടം നേരിട്ട നിലമ്പൂരിലെയും, കണ്ണൂര്‍ ശ്രീകണ്ഠപുരത്തെയും 600 ല്‍ പരം ചെറുകിട കച്ചവടക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. പാരിസ്ഥിതിക സംരക്ഷണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 50000 വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിച്ചു. ഇന്‍ഫാഖ് സസ്റ്റൈനബിള്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്ക് കീഴിലുള്ള അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 140 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള പദ്ധതിയും വിവിധ ഘട്ടങ്ങളിലാണ്. 2019 പ്രളയ പുനരധിവാസ പദ്ധതികളും നടപ്പു വര്‍ഷം തന്നെ പൂര്‍ത്തീകരിക്കും.

Related Articles