Current Date

Search
Close this search box.
Search
Close this search box.

എന്‍.ഐ.എ റെയ്ഡ്; 22 പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ കസ്റ്റഡിയില്‍, എട്ടു പേരെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: വ്യാഴാഴ്ച പുലര്‍ച്ചെ രാജ്യവ്യാപകമായി 10 സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും നടന്ന എന്‍.ഐ.എ റെയ്ഡിന് പിന്നാലെ എട്ടു പേരെ അറസ്റ്റ് ചെയ്തു. ആകെ 22 പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ എട്ട് പേരുടെ അറസ്റ്റാണ് ഇപ്പോള്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേരളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തവര്‍ കൊച്ചിയിലെ എന്‍.ഐ.ഒ ഓഫീസിലാണുള്ളത്. പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, സംസ്ഥാന സമിതി അംഗം യഹിയാ തങ്ങള്‍, ദേശീയ സമിതി അംഗം പ്രഫ.പി കോയ ഉള്‍പ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു.

പുലര്‍ച്ചെ നാലുമണി മുതലായിരുന്നു റെയ്ഡ്. കേരളത്തില്‍ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം, മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, ദേശീയ സമിതി അംഗം പ്രഫ. പി കോയ, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, സംസ്ഥാന സമിതി അംഗം യഹിയാ തങ്ങള്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ് തുടങ്ങിയവരുടെ വീടുകളിലാണ് കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തിയത്.

കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫിസിലും പുത്തനത്താണിയിലെ ഓഫിസിലും മാനന്തവാടിയിലെ ഓഫിസിലും റെയ്ഡ് നടന്നു. കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തുന്നുണ്ട്. തമിഴ്നാട്ടില്‍ ചെന്നൈയിലെ സംസ്ഥാന കമ്മിറ്റി ഓഫിസിലും കോയമ്പത്തൂര്‍, കടലൂര്‍, തെങ്കാശി, തേനി തുടങ്ങിയ ഇടങ്ങളിലെ ഓഫിസുകളിലും പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലുമാണ് റെയ്ഡ്. കഴിഞ്ഞ ദിവസങ്ങളില്‍ തെലങ്കാന, ഗുജറാത്തിലെ അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ഓഫിസുകളിലും റെയ്ഡ് നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും റെയ്ഡുമായി എന്‍ഐഎയും ഇഡിയും രംഗത്തെത്തിയത്.

സിആര്‍പിഎഫ്, സിഐഎസ്എഫ് സംഘത്തിന്റെ അകമ്പടിയിലാണ് പരിശോധന നടത്തുന്നത്. പരിശോധന നടപടികള്‍ ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ അറിയിച്ചു. കേന്ദ്ര ഏജന്‍സികളുടെ ഭരണകൂട വേട്ടയ്ക്കെതിരേ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. അര്‍ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Related Articles