Current Date

Search
Close this search box.
Search
Close this search box.

ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ ജാമ്യം തരാമെന്ന് എന്‍.ഐ.എ; ജയിലനുഭവങ്ങളുമായി അഖില്‍ ഗൊഗോയി

ഗുവാഹത്തി: ആര്‍.എസ്.എസിലോ ബി.ജെ.പിയിലോ ചേര്‍ന്നാല്‍ ഉടനടി ജാമ്യം നല്‍കാമെന്ന് എന്‍.ഐ.എ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലുമായി ജയിലില്‍ കഴിയുന്ന അസം ആക്റ്റിവിസ്റ്റും കര്‍ഷക നേതാവുമായ അഖില്‍ ഗൊഗോയി. എന്‍.ഐ.എ കസ്റ്റഡിയിലിരിക്കെ ജയിലില്‍ ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായും ജയിലില്‍ നിന്ന് അദ്ദേഹം അയച്ച കത്തില്‍ വെളിപ്പെടുത്തുന്നു.

‘എന്‍.ഐ.എ ആസ്ഥാനത്ത്, എന്നെ ലോക്കപ്പ് നമ്പര്‍ ഒന്നിലാണ് പാര്‍പ്പിച്ചിരുന്നത്. വൃത്തിയില്ലാത്ത ഒരു പുതപ്പാണ് എനിക്ക് നല്‍കിയത്. 3-4 ഡിഗ്രി സെല്‍ഷ്യസില്‍ തറയില്‍ കിടക്കേണ്ടി വന്നു. ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ ജാമ്യം നല്‍കാമെന്ന് ചോദ്യം ചെയ്യലിനിടെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ ആര്‍.എസ്.എസില്‍ ചേരില്ലെന്ന് പറഞ്ഞപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നാലും ജാമ്യം നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ഗൊഗോയി കത്തില്‍ പറഞ്ഞു.

കൃഷക് മുക്തി സംഗ്രാം സമിതി (കെ എം എസ് എസ്) വിട്ട് ഒരു എന്‍ ജി ഒ ആരംഭിക്കാനും അസമീസ് ജനതയെ ക്രിസ്തുമതത്തിലേക്ക് മതം മാറുന്നതിനെതിരെ പ്രവര്‍ത്തിക്കാനും തനിക്ക് 20 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

അസമില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെയുള്ള ശക്തമായ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കണമെന്നും അസമിനെ രക്ഷിക്കാന്‍ അതാണ് ചെയ്യേണ്ടതെന്നും മറ്റൊരു കത്തില്‍ അദ്ദേഹം അസമിലെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

Related Articles