Current Date

Search
Close this search box.
Search
Close this search box.

ന്യൂസ്‌ലാന്റ് ഭീകരാക്രമണം: പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസ്‌ലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ 51 പേരെ വെടിവെച്ചു കൊന്ന ഭീകരാക്രമണകേസിലെ പ്രതിയായ വെളുത്ത വംശീയവാദിയും ഓസ്‌ട്രേലിയന്‍ പൗരനുമായ ബ്രെന്റണ്‍ ടാറന്റിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ന്യൂസ്‌ലാന്റില്‍ വധശിക്ഷ എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് പരോളില്ലാത്ത ആജീവനാന്ത തടവു ശിക്ഷയാണ് ന്യൂസ്‌ലാന്റ് കോടതി വിധിച്ചത്. ന്യൂസ്‌ലാന്റ് ചരിത്രത്തില്‍ ആദ്യമായി ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന പ്രതി കൂടിയായി മാറിയിരിക്കുകയാണ് 29കാരനായ ടാറന്റ്. ജീവപര്യന്തം ശിക്ഷയാണ് ഉണ്ടാവുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

2019 മാര്‍ച്ച് 15നാണ് വെള്ളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനയ്ക്കിടെ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളികളില്‍ ടാറന്റ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ വീഡിയോ തത്സമയം ഫേസ്ബുക്കിലൂടെ ആക്രമി പങ്കുവെക്കുകയും ചെയ്തിരുന്നു. പള്ളിയിലെ വിശ്വാസികള്‍ക്കുനേരെ യന്ത്രത്തോക്കുപയോഗിച്ച് തുരുതുരാ നിറയൊഴിക്കുകയായിരുന്നു. 51 പേര്‍ക്കെതിരെയുള്ള കൊലപാതകം 40 പേര്‍ക്കെതിരെ വധശ്രമം തീവ്രവാദപ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളാണ് ന്യൂസ്‌ലാന്റ് ഹൈക്കോടതി ചുമത്തിയിരുന്നത്. പ്രതി നേരത്തെ കുറ്റം സമ്മതിച്ചിരുന്നു.

തിങ്കളാഴ്ച മുതല്‍ കോടതിയില്‍ വിചാരണ ആരംഭിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് വിസ്താരത്തിന് അവസരം നല്‍കിയിരുന്നു. കടുത്ത ഭാഷയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ബ്രന്റണുനേരെ കുറ്റമാരോപിച്ചു. മനുഷ്യത്വമില്ലാത്തവന്‍ എന്നാണ് ജഡ്ജി ശിക്ഷ വിധിക്കുന്നതിന് മുന്‍പായി പറഞ്ഞത്. ന്യൂസ്‌ലാന്റിലെ മുസ്‌ലിംകളെ കൊന്നൊടുക്കുക എന്ന ലക്ഷ്യമിട്ടാണ് വെളുത്തവംശീയവാദിയും തീവ്രവാദിയുമായി ബ്രന്റന്റെ ലക്ഷ്യം. അതിനായാണ് പള്ളി തെരഞ്ഞെടുത്തതെന്നും പ്രതി നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.

 

Related Articles