Current Date

Search
Close this search box.
Search
Close this search box.

അയല്‍വാസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വര്‍ഗീയ പ്രകോപനമുണ്ടാക്കുന്നതാണ്: സല്‍മാന്‍ ഖാന്‍

മുംബൈ: തന്റെ അയല്‍വാസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വര്‍ഗീയ പ്രകോപനമുണ്ടാക്കുന്നതാണെന്ന പരാതിയുമായി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചു. പന്‍വേലില്‍ തന്റെ ഫാം ഹൗസിനടുത്തുള്ള അയല്‍വാസിയായ കേതന്‍ കാക്കട് എന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ ഉള്‍പ്പെടെ, അപകീര്‍ത്തികരമോ, വര്‍ഗീയത നിറഞ്ഞതും പ്രകോപനപരവുമാണെന്നാണ് ഖാന്റെ പരാതി. വെള്ളിയാഴ്ച ബോംബെ ഹൈക്കോടതിയിലാണ് സല്‍മാന്‍ ഖാന്‍ പരാതി നല്‍കിയത്.

കഴിഞ്ഞ മാര്‍ച്ചിലെ സിറ്റി സിവില്‍ കോടതി ഉത്തരവിനെതിരെ ഖാന്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. തന്റെ പന്‍വേല്‍ ഫാം ഹൗസില്‍ നടന്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്തതിന് ഖേതന്‍ കാക്കടിനും മറ്റുള്ളവര്‍ക്കുമെതിരെ ചുമത്തിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് സിവില്‍ കോടതി അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ചിരുന്നില്ല.

സല്‍മാന്‍ ഖാന് ഡോണ്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ അംഗമാണ് എന്നതുള്‍പ്പെടെ കാക്കട് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പകര്‍പ്പ് ഹാജരാക്കാന്‍ ജസ്റ്റിസ് സി വി ഭഡംഗ് നടനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ കാക്കട് അപ്ലോഡ് ചെയ്ത വീഡിയോകളെക്കുറിച്ച് താരം സിറ്റി സിവില്‍ കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും അവ നീക്കം ചെയ്യാനും അത്തരം അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇക്കാര്യത്തില്‍ നിരോധന ഉത്തരവ് പുറപ്പെടുവിക്കാന്‍ സിവില്‍ കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്. കാക്കട് അപ്ലോഡ് ചെയ്ത വീഡിയോകള്‍ ഊഹാപോഹങ്ങളാണെന്ന് സല്‍മാന്‍ ഖാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രവി കദം കോടതിയെ അറിയിച്ചു.

Related Articles