Current Date

Search
Close this search box.
Search
Close this search box.

ദേശീയ വഖഫ് പരിപാലന അവാര്‍ഡ് കൊല്ലൂര്‍വിള മുസ്‌ലിം ജമാഅത്തിന്

ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കള്‍ മികച്ച രീതിയില്‍ പരിപാലിക്കുന്നതിനുള്ള ദേശീയ അവാര്‍ഡിന് കൊല്ലം ജില്ലയിലെ കൊല്ലൂര്‍വിള മുസ്‌ലിം ജമാഅത്ത് അര്‍ഹരായി. ദേശീയ ന്യൂനപക്ഷ മന്ത്രാലയമാണ് അവാര്‍ഡ് നല്‍കുന്നത്. വഖഫ് സ്വത്തുക്കള്‍ കാര്യക്ഷമതയോടെ ഉപയോഗപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കാനാണ് ദേശീയ തലത്തില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹി മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ദേശീയ ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയില്‍ നിന്ന് കൊല്ലൂര്‍വിള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി ഹാജി എ അബ്ദുല്‍ റഹ്മാനും ചീഫ് ഇമാം മന്‍സൂര്‍ ഹുദവിയും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

ഏഴ് മുതവല്ലികള്‍ക്കാണ് ഈ വര്‍ഷം അവാര്‍ഡ് നല്‍കിയത്. വഖഫ് സ്വത്തുക്കളില്‍ സ്‌കൂള്‍,കോളേജ്,ആശുപത്രി പോലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മുഴുവന്‍ ചിലവും മന്ത്രാലയം നല്‍കും. മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിനത്തില്‍ വഖഫ് സ്വത്തുക്കള്‍ പൂര്‍ണമായും ഡിജിറ്റല്‍ വത്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വഖഫ് ബോര്‍ഡിന്റെ ദേശീയ സമ്മേളനത്തില്‍ വെച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

Related Articles