മലപ്പുറം: പ്രമുഖ ചരിത്രകാരനും ഗ്രന്ഥ രചയിതാവുമായ പ്രൊഫസര്‍ എന്‍.കെ മുസ്തഫ കമാല്‍ പാഷ അന്തരിച്ചു. 76 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതനായി മലപ്പുറം വളാഞ്ചേരിയിലെ വീട്ടില്‍ കിടപ്പിലായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്, പ്രബോധകന്‍, ചരിത്ര ഗവേഷകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ മേഖലകളിലെല്ലാം നിറസാന്നിധ്യമായിരുന്നു.
പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി വീരമംഗലം ദേശത്ത്, നെല്ലിക്കുറുശ്ശി തറവാട്ടില്‍ 1946 ജൂണ്‍ 25-ന് ജനനം. നെല്ലിക്കുറുശ്ശി മുഹമ്മദിന്റെയും മഠത്തില്‍ തിത്തിക്കുട്ടിയുടെയും മൂത്ത മകന്‍.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ചരിത്ര വിഭാഗം തലവൻ, കാലിക്കറ്റ് സർവകലാശാല ചെയർ ഫോർ ഇസ്‍ലാമിക് സ്റ്റഡീസ് ആൻഡ് റിസർച്ച് പ്രഫസർ, സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് എക്സി. അംഗം, എം.ജി. യൂനിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് ഇൻ ഇസ്‍ലാമിക് ഹിസ്റ്ററി മെംബർ, കാലിക്കറ്റ് സർവകലാശാല ഫാക്കൽറ്റി ഓഫ് ഹ്യുമാനിറ്റീസ് മെംബർ, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, മെംബർ തുടങ്ങിയ ഔദ്യോഗിക സ്ഥാനങ്ങളും എത്രയോ മടങ്ങ് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ അനൗദ്യോഗിക പദവികളും വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിലും സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിലും പലകുറി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ചെറുതും വലുതുമായി അനേകം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഖുർആനിക വിഷയങ്ങളിൽ അവഗാഹമുള്ള അനേകം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഹദീസ് വിജ്ഞാന മേഖലയിലുൾപ്പെടെ അനവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. സാമൂഹികശാസ്ത്ര വിഷയങ്ങളിലും മനഃശാസ്ത്ര രംഗത്തും വിലപ്പെട്ട പഠനകുറിപ്പുകൾ തയാറാക്കിയിട്ടുണ്ട്. സാമൂഹിക ചരിത്രവിഷയങ്ങളിൽ എണ്ണമറ്റ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഓൾ ഇന്ത്യ റേഡിയോയിൽ അസംഖ്യം ചരിത്ര പ്രഭാഷണങ്ങൾ നിർവഹിച്ചിട്ടുണ്ട്. ആരെയും അത്ഭുതപ്പെടുത്തുന്ന പ്രതിഭാധനത്വത്തിന്റെ വിസ്മയക്കാഴ്ച തന്നെയായിരുന്നു പാഷസാർ.
ഖുർആനിലെ ചരിത്ര ശേഷിപ്പുകൾ തേടിയുള്ള അദ്ദേഹത്തിന്റെ ഗവേഷണ യാത്രയാണ് വിസ്മയകരമായ മറ്റൊരു ദൗത്യം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ തന്റെ സഹാധ്യാപകനായ ഡോ. അബ്ദുറസാഖ് സുല്ലമിക്കൊപ്പമായിരുന്നു യാത്ര. ഖുർആനിൽ പരാമർശിക്കപ്പെട്ട ചരിത്രസംഭവങ്ങളെയും ജനതതികളെയും തേടി സൗദി അറേബ്യ, ഈജിപ്ത്, ഇറാഖ്, യമൻ, ഇറാൻ, അർമീനിയ, ജോർജിയ, തുർക്കി, ഒമാൻ, ജോർഡൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ സഞ്ചരിച്ചു.
ഭാര്യമാർ : പ്രഫ. കെ. ഹബീബ, വി പി ഹഫ്‌സ. മക്കൾ: അമീൻ പാഷ(ചെന്നൈ), ഡോ.സുമയ്യ ബാബു (മലബാർ ഡെന്റൽ ക്ലിനിക്, ദുബൈ), സാജിദ് പാഷ (ഫോർമെക്‌സ് സ്‌പെയ്‌സ് ഫ്രെയിംസ് കോഴിക്കോട് ), ഡോ. ഷമീമ നാസർ ( മെട്രോ മെഡിക്കൽ സെന്റർ, അജ്മാൻ), നാജിദ് (സീറു ഐ ടി സൊല്യൂഷൻസ്, എറണാകുളം), ഡോ. തസ്‌നീം ഫാത്തിമ ( എംഇഎസ് കോളജ് ഓഫ് എഞ്ചിനീയറിങ്, കുറ്റിപ്പുറം), സാജിദ അനീസ് (ഷാർജ ), ഡോ. നാജിദാ ഷറഫ് (പൂക്കാട്ടിരി), ഡോ. ഷാക്കിറ ഷമീം (മെഡിക്കൽ ഓഫിസർ, പാങ്ങ്), ഡോ. താഹിറ റഫീഖ് (വെളിയംകോട്), ഡോ. സയ്യിദാ അലി ( ഖത്തർ), ഹിഷാം പാഷ ( ന്യൂ കോർ ഐ. ടി സൊലൂഷ്യൻസ്, കോഴിക്കോട്), ആയിശാ നശാത്ത് പാഷ ( എം. ഇ.എസ് സ്‌ക്കൂൾ ഓഫ് ആർക്കിടെക്ചർ കുറ്റിപുറം ) . മരുമക്കൾ : ഫെബിൻ അമീൻ (എൽ ആന്റ് ടി ചെന്നെ), ഡോ. ബാബു (ദുബൈ), ഡോ. സറീന സാജിദ് ( ഫോർമെക്‌സ് സ്‌പെയ്‌സ് ഫ്രെയിംസ് കോഴിക്കോട്), എം. സി. എ. നാസർ (മീഡിയാ വൺ ദുബൈ), ലിസ സലീന (ഇന്തൊനേഷ്യ), ഡോ. മുഹമ്മദ് ബദീഉസ്സമാൻ , ഈസാ അനീസ് (ലീഗൽ അഡ്വൈസർ , ഷാർജ ), ഷറഫുദീൻ (ദാറുസ്സലാം, ചാലക്കൽ ) , ഷമീം (അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , തിരൂർ ), റഫീഖ് ( അഡ്‌നോക്, അബുദാബി), അലി ഓമച്ചപ്പുഴ ( ഹമദ് മെഡിക്കൽ കെയർ , ഖത്തർ ), ഡോ. സഫ ഹിഷാം (പാഷ ഡെന്റൽ കെയർ, പൂക്കാട്ടിരി), ഡോ. അർഷദ് അലി (സിറ്റി ഡെന്റൽ കെയർ ചങ്ങരംകുളം). സഹോദരങ്ങൾ: സൈഫുദ്ദീൻ, നാസർ, അമീർ , പരേതനായ സുബൈർ, ഫൈസൽ, ഫാത്തിമ, സാബിറ.
ഖബറടക്കം നാളെ (വെള്ളി) രാവിലെ 9 മണിക്ക് വളാഞ്ചേരി പൂക്കാട്ടിരി ജുമാ മസ്ജിദില്‍ വെച്ച് നടക്കും.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU