Current Date

Search
Close this search box.
Search
Close this search box.

കേന്ദ്രം മുസ്‌ലിംവേട്ട തുടരുന്നു; ജയിലിലടച്ചവര്‍ക്ക് നിയമസഹായം നല്‍കുമെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: കോവിഡ് പ്രതിസന്ധി കാലത്തും കേന്ദ്ര സര്‍ക്കാര്‍ മുസ്‌ലിം വേട്ട തുടരുന്നുവെന്ന് മുസ്ലിം ലീഗ്. കോവിഡിനെതിരെ രാജ്യം ഒരുമിച്ച് പോരാടുമ്പോള്‍ ബി.ജെ.പി സാമുദായിക അജണ്ട നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് കേസ് നടത്തിപ്പിന് ലീഗ് സാമ്പത്തിക സഹായം നല്‍കുമെന്നും ലീഗ് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ഭരണകൂട ഭീകരതയുടെ ഇരകളായി ജയിലിലടക്കപ്പെട്ട ആക്റ്റിവിസ്റ്റുകള്‍ക്ക് നിയമ പോരാട്ടത്തില്‍ പിന്തുണ നല്‍കാന്‍ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചു. യു.എ.പി.എ, എന്‍.എസ്.എ തുടങ്ങിയ കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കപ്പെട്ട ജാമിഅ മില്ലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി നേതാക്കളായ സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി നേതാവ് ഷിഫാഉര്‍റഹ്മാ, സീലംപൂരില്‍ ഷഹീന്‍ ബാഗ് മോഡല്‍ സമരത്തിനു നേതൃത്വം കൊടുത്ത ഗുല്‍ശിഫ എന്നിവരെ അറസ്റ്റ് ചെയ്യുകയും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ: സഫറുല്‍ ഇസ്ലാം, ജെഎന്‍യു നേതാവ് ഉമര്‍ ഖാലിദ്, ഗവേഷക വിദ്യാര്‍ത്ഥി ചെങ്കിസ് ഖാന്‍ എന്നിവരെ രാജ്യദ്രോഹ കുറ്റം ചുമത്തി കസ്റ്റഡിയിലെടുക്കാന്‍ നീക്കം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലീഗ് നിയമസഹായം നല്‍കാന്‍ തീരുമാനിച്ചത്.

അന്യായ തടങ്കലില്‍ കഴിയുന്നവര്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ മുസ്ലിം ലീഗ് കൂടെ നില്‍ക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. സാമ്പത്തികമായും രാഷ്ട്രീയമായും അവരെ പാര്‍ട്ടി പിന്തുണക്കും. നേരത്തെ ഈ വിഷയം പാര്‍ലമെന്റില്‍ മുസ്ലിം ലീഗ് ഉന്നയിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നത് കടുത്ത ജനാധിപത്യവിരുദ്ധതയാണെന്ന് ചൂണ്ടിക്കാട്ടി എം പി മാര്‍ കത്തുകളയച്ചു, പാര്‍ട്ടിയുടെ ശക്തമായ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിച്ചു.ലോക് ഡൗണ്‍ കാലയളവില്‍ പരസ്യ പ്രതിഷേധത്തിന്റെ പരിമിതികള്‍ ഉണ്ടായിരുന്നിട്ടും മെയ് 6 ന് യൂത്ത് ലീഗ് ദേശവ്യാപകമായി ദേശീയ പ്രക്ഷോഭ ദിനം ആചരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ആയിരക്കണക്കിന് ഇ മെയില്‍ പരാതികള്‍ അയച്ചു.കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു.നിരവധി സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വന്തം വീടുകളില്‍ പ്ലക്കാര്‍ഡുയര്‍ത്തി ഹോം പ്രോട്ടസ്റ്റ് സംഘടിപ്പിച്ചു.എം എസ് എഫ് ദേശീയ കമ്മിറ്റി ആവാസ് ദോ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രതിഷേധം സംഘടിപ്പിച്ചു വരുന്നു. ജനാധിപത്യ രീതിയില്‍ സാധ്യമായ പ്രതിഷേധങ്ങളൊക്കെ പാര്‍ട്ടിയും യുവജന വിദ്യാര്‍ത്ഥി ഘടകങ്ങളും തുടരുക തന്നെ ചെയ്യും. അതിന് പുറമേയാണ് ഈ വിദ്യാര്‍ത്ഥി വേട്ടയുടെ ഇരകള്‍ക്ക് നിയമസഹായം നല്‍കുക. അവരുടെ കുടുംബങ്ങളുമായി കൂടിയാലോചിച്ച് മികച്ച അഭിഭാഷകരുടെ സേവനം ഉറപ്പാക്കണം. ഇതിനാവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കും. നീതി ലഭിക്കും വരെ ഇരകളുടെ കുടുംബത്തോടൊപ്പം പാര്‍ട്ടി നിലയുറപ്പിക്കും. നേതാക്കള്‍ പറഞ്ഞു.

പാണക്കാട് ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എംപി, ഇടി മുഹമ്മദ് ബഷീര്‍ എംപി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പിവി അബ്ദുല്‍ വഹാബ് എംപി, കെപിഎ മജീദ്, ഡോ. എംകെ മുനീര്‍, സി.കെ. സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ പങ്കെടുത്തു.

Related Articles