Current Date

Search
Close this search box.
Search
Close this search box.

മുനവ്വറലി തങ്ങളുടെ ഇടപെടല്‍: അര്‍ജുന്റെ വധശിക്ഷ ഇളവ് ചെയ്തു

മലപ്പുറം: കുവൈത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി അര്‍ജുന്‍ മുത്തു ആനന്ദകണ്ണീര്‍ പൊഴിച്ച് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് നന്ദി പറയുകയാണ്. മുനവ്വറലി തങ്ങളുടെ ഇടപെടലോടെ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കുകയും വധശിക്ഷ ജീവപര്യന്തം തടവാക്കി കുവൈത്ത് കോടതി ഇളവ് ചെയ്തതിന്റെ സന്തോഷത്തിലുമാണ് അര്‍ജുനും ഭാര്യ മാലതിയും. തുടര്‍ന്ന് മാലതി തങ്ങള്‍ കുടുംബത്തെ ഫോണില്‍ വിളിച്ച് നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു.

2013 സെപ്റ്റംബര്‍ 21നായിരുന്നു കുവൈത്തില്‍ വെച്ച് കേസിനാസ്പദമായ സംഭവം നടന്നത്. തൊഴില്‍ സ്ഥലത്തുണ്ടായ അടിപിടിക്കിടെ മലപ്പുറം സ്വദേശി കുത്തേറ്റു മരിക്കുകയായിരുന്നു. തുടര്‍ന്ന് കുവൈത്ത് കോടതി 47കാരനായ അര്‍ജുനെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

കൊല്ലപ്പെട്ടയാളുടെ മാതാവോ ഭാര്യയോ മാപ്പ് നല്‍കിയാല്‍ വധശിക്ഷ ജീവപര്യന്തമായി ഇളവ് ലഭിക്കാനുള്ള സാധ്യതയാണ് ഗള്‍ഫ് നാടുകളില്‍ ഉള്ളത്. മോചനദ്രവ്യമായി 30 ലക്ഷം രൂപയും കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും ഭീമമായ തുക നല്‍കാന്‍ കഴിയാതെ നിസ്സഹായതയിലായ മാലതി 2017ലാണ് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി സങ്കടം ബോധിപ്പിച്ചത്.

തുടര്‍ന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായും പ്രവാസി സംഘടനകളുമായും ഇടപെട്ട് മുനവ്വറലി തങ്ങള്‍ പ്രശ്‌നത്തിന് പരിഹാരം കാണുകയായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം നീണ്ട പ്രയത്‌നങ്ങള്‍ക്കൊടുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനുള്ള 30 ലക്ഷം വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ സ്വരൂപിച്ചു. തുടര്‍ന്ന് കുടുംബം എംബസി വഴി മാപ്പപേക്ഷ സമര്‍പ്പിക്കുകയും കോടതി വധശിക്ഷ ഇളവ് ചെയ്യുകയുമായിരുന്നു.

സര്‍വശക്തന്റെ അനുഗ്രഹവും നന്മ വറ്റാത്ത മനസ്സുകളുടെ അതിരുകളില്ലാത്ത കാരുണ്യപ്രവാഹവുമാണ് ഈ ദൗത്യം പൂര്‍ത്തീകരിക്കാന്‍ സഹായകമായതെന്നും പണം സ്വരൂപിക്കാനും തുടര്‍നടപടികള്‍ക്കും സഹായിച്ച മുഴുവനാളുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

Related Articles