Current Date

Search
Close this search box.
Search
Close this search box.

‘ഉരിയല്‍ സ്വാതന്ത്ര്യമാണെങ്കില്‍ ഉടുക്കല്‍ അവകാശമാണ്’- എം.ഇ.എസ് സര്‍ക്കുലറിനെതിരെ എം.എസ്.എഫ്

കോഴിക്കോട്: കഴിഞ്ഞ ദിവസം എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പുറത്തിറക്കിയ നിഖാബ് നിരോധിച്ചുള്ള പ്രസ്താവനക്കെതിരെ എം.എസ്.എഫ് വനിത വിഭാഗം നേതാക്കളും രംഗത്ത്. ‘ഉരിയല്‍ സ്വാതന്ത്ര്യമാണെങ്കില്‍ ഉടുക്കല്‍ അവകാശമാണ്’ എന്ന തലക്കെട്ടിലാണ് എം.എസ്.ഫ് വിദ്യാര്‍ത്ഥിന് വിഭാഗമായ ‘ഹരിത’ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഹഫ്‌സ മോളും മുന്‍ ദേശീയ ഉപാധ്യക്ഷയായ അഡ്വ. ഫാത്തിമ തഹ്‌ലിയയും രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും എം.ഇ.എസിന്റെ സര്‍ക്കുലറിനെ നിശിതമായി വിമര്‍ശിക്കുന്നത്.

‘സുരക്ഷാ പരിശോധനക്കിടയിലോ പരീക്ഷ തുടങ്ങി മുഖം നിര്‍ബന്ധമായും വെളിവാക്കേണ്ട മറ്റ് സന്ദര്‍ഭങ്ങളിലോ മുഖം മറക്കരുത് എന്ന് നിബന്ധന വെക്കുന്നത്തിന്റെ യുക്തി മനസിലാക്കാം. മുഖമക്കന പൂര്‍ണമായും നിരോധിക്കുന്നത് അമിതാധികാര പ്രയോഗമാണ് എന്ന് പറയാതെ വയ്യ. മുഖം മറച്ച് പുറത്ത് ഇറങ്ങുന്ന സ്ത്രീകളെ വീട്ടിലിരുത്താനേ നിരോധനം ഉപകരിക്കൂ.’ എന്നും ഫാത്തിമ പോസ്റ്റിലൂടെ പറയുന്നുണ്ട്.

‘തുണിയുരിയാനുള്ള ഡസന്‍ കണക്കിന് സമരങ്ങള്‍ക്ക് കിട്ടിയ പിന്തുണ തുണി ഉടുക്കാനുള്ള പോരാട്ടത്തിനും ലഭിക്കേണ്ടതുണ്ടെന്ന്’ ഹഫ്‌സ മോള്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

എം.ഇ.എസിന്റ വിവാദ സര്‍ക്കുലറിനെതിരെ വിവിധ മുസ്‌ലിം വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എസ്.ഐ.ഒ,എസ്.എസ്.എഫ്,എസ്.കെ.എസ്.എസ്.എഫ്,ക്യാംപസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളും സര്‍ക്കുലറിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

‘മുസ്ലിം സമുദായത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുള്ള ‘നിഖാബ്’ ധരിക്കുന്നതുമായി ബന്ധപ്പെട്ട് എം.ഇ.എസിനും ഡോ. ഫസല്‍ ഗഫൂറിനും സ്വന്തമായി എന്ത് നിലപാടും സ്വീകരിക്കാം. എന്നാല്‍ എം.ഇ.എസിന് കീഴിലുള്ള പൊതു സ്ഥാപനങ്ങളില്‍ നിഖാബ് പാടില്ല എന്ന നിലപാട് സ്വീകരിക്കുമ്പോള്‍ അനുകൂലിക്കാനാവില്ലെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി പറഞ്ഞു.

മുസ്ലിം ചിഹ്നങ്ങളെ ആക്രമിക്കാന്‍ ഒരുങ്ങി നില്‍കുന്ന സംഘ്പരിവാര്‍ ഭരിക്കുകയും, മുസ്ലിങ്ങളെ ‘നന്നാക്കി’യെടുക്കാന്‍ ലിബറലുകള്‍ തക്കംനോക്കിയിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ അത് ആത്മഹത്യാപരമായിരിക്കും. ബഹുസ്വരതയെ ഉയര്‍ത്തിപ്പിടിക്കേണ്ട കാലത്ത് ഇസ്ലാംഭീതിക്ക് ഇന്ധനം പകരുന്നതും നമ്മുടെ രാജ്യത്തിന്റെ ഭരണഘടന പൗരര്‍ക്ക് നല്‍കുന്ന മതവിശ്വാസ അവകാശത്തെ ഹനിക്കുന്നതുമാണ് നിരോധനം. വിശ്വാസപരമായ നിലപാടുകളെ വടിയെടുത്ത് തിരുത്തിക്കാമെന്ന ധാരണ ചുരുങ്ങിയപക്ഷം വിവരക്കേടാണെന്നെങ്കിലും മനസ്സിലാക്കി എം.ഇ.എസിന്റെ പക്വനേതൃത്വം സര്‍ക്കുലര്‍ പിന്‍വലിക്കുമെന്ന് ആശിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Related Articles