Current Date

Search
Close this search box.
Search
Close this search box.

കലാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല: മുസ്ലിം സംഘടന നേതാക്കള്‍

കോഴിക്കോട്: കലാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കോഴിക്കോട് ചേര്‍ന്ന വിവിധ മുസ്ലിം സംഘടന നേതാക്കളുടെ യോഗം ഐക്യഖണ്ഡേന ആവശ്യപ്പെട്ടു. കേരളീയ സമൂഹം കുടുംബ ഘടനക്കും ധാര്‍മിക മൂല്യങ്ങള്‍ക്കും വില കല്‍പിക്കുന്നവരാണ്.

കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും മതവിശ്വാസികളാണ്. വ്യത്യസ്ത ആശയങ്ങളും മൂല്യങ്ങളും മുറുകെപ്പിടിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കലാണ് ജനാധിപത്യമെന്നും യോഗം അഭിപ്രായപ്പെട്ടു. മതവിശ്വാസികള്‍ക്ക് അവരുടെതായ ജീവിത മര്യാദകളും വിശ്വാസങ്ങളുമുണ്ട്. അതിനെയെല്ലാം റദ്ദ് ചെയ്ത് ഏകപക്ഷീയമായി കേരളത്തിലെ കലാലയങ്ങളില്‍ ലിബറല്‍ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണ്.

ലിംഗവിവേചനം അവസാനിപ്പിക്കാന്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് വേണ്ടത് എന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുക. പാഠ്യപദ്ധതിയിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങളെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. ഇത് കേവല വസ്ത്രത്തിന്റെ മാത്രം വിഷയമല്ല. ഇടതുപക്ഷ സര്‍ക്കാര്‍ കലാലയങ്ങളില്‍ ലിബറല്‍ വാദങ്ങളെ നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഈ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.

പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം ഡോ.എം.കെ മുനീര്‍ (മുസ്‌ലിം ലീഗ്) ഡോ മുഹമ്മദ് ബഹാഉദ്ദീന്‍ നദ്‌വി (സമസ്ത) പ്രാഫ.എ.കെ അബ്ദുല്‍ ഹമീദ് (കേരള മുസ്‌ലിം ജമാഅത്ത് ) ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്ലാമി) പി.എന്‍ അബ്ദുല്ലത്വീഫ് മദനി, ടി.കെ അഷ്‌റഫ് (വിസ്ഡം) കടവനാട് മുഹമ്മദ് (MES) അഷ്‌റഫ് ബാഖവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ) പി.എം ഹനീഫ (മര്‍കസുദ്ദഅവ) സി മരക്കാരുട്ടി, അബ്ദുസ്സലാം വളപ്പില്‍ (കെ.എന്‍.എം) എഞ്ചിനീയര്‍ മുഹമ്മദ് കോയ (MSS) എന്നിവര്‍ പങ്കെടുത്തു.

Related Articles