Current Date

Search
Close this search box.
Search
Close this search box.

സീസി വിരുദ്ധ പ്രക്ഷോഭം: 500ലേറെ പേരെ അറസ്റ്റു ചെയ്തു

കൈറോ: കഴിഞ്ഞ ദിവസങ്ങളില്‍ ഈജിപ്തിന്റെ തെരുവുകളില്‍ അരങ്ങേറിയ സീസി വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 500ലധികം പേരെ അറസ്റ്റു ചെയ്തു. ഈജിപ്തിലെ മനുഷ്യാവകാശ സംഘടനകളാണ് ഇക്കാര്യമറിയിച്ചത്. വെള്ളിയാഴ്ച മുതല്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ അരങ്ങേറിയ സീസിയുടെ രാജി ആവശ്യപ്പെട്ടുള്ള റാലിയില്‍ പങ്കെടുത്തവരെയാണ് സൈന്യം അറസ്റ്റു ചെയ്തത്. കൈറോ ആസ്ഥാനമായുള്ള സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍ ആണ് തിങ്കളാഴ്ച അറസ്റ്റു ചെയ്തവരുടെ ലിസ്റ്റ് പുറത്തുവിട്ടത്. ഇതില്‍ പ്രമുഖ മനുഷ്യാവകാശ പോരാളിയും അഭിഭാഷകനുമായ മഹീനോര്‍ അല്‍ മസ്‌രിയും ഉള്‍പ്പെടും. ഞായറാഴ്ച മറ്റുള്ള തടവുകാരെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു അവരെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്യാണ് ഈജിപ്തിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ സീസിയുടെ രാജി ആവശ്യപ്പെട്ട് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അരങ്ങേറിയത്. ഈജിപ്തിലെ ഏകാധിപത്യ ഭരണാധികാരിയായ ഹുസ്നി മുബാറക്കിനെതിരെ 2011 ഫെബ്രുവരിയില്‍ അരങ്ങേറിയ അറബ് വസന്തത്തില്‍ ഉയര്‍ന്നു വന്ന സമാന മുദ്രാവാക്യങ്ങളാണ് തെരുവുകളി വീണ്ടുമുയര്‍ന്നത്. സൂയസ്,കെയ്റോ,മഹല്ല നഗരങ്ങളിലാണ് പ്രക്ഷോഭം അരങ്ങേറിയത്.

സ്പെയിനില്‍ പ്രവാസിയായി കഴിയുന്ന ഈജിപ്ത് പൗരന്‍ മുഹമ്മദ് അലിയെന്നയാളാണ് പുതിയ പ്രക്ഷോഭത്തിന്റെ തുടക്കക്കാരന്‍. ഈ മാസമാദ്യമാണ് അലി പ്രസിഡന്റ് സീസിയുടെയും കുടുംബത്തിന്റെയും അഴിമതിയെക്കുറിച്ചും ആര്‍ഭാട ജീവിതത്തെക്കുറിച്ചും വിമര്‍ശിച്ച് സ്വയം നിര്‍മിച്ച ഒരു വീഡിയോ പുറത്തിറക്കിയത്. അദ്ദേഹത്തിന്റെ വീഡിയോ മില്യണ്‍ കണക്കിന് ആളുകളാണ് ഇതിനോകം കണ്ടത്. തുടര്‍ന്നു ഒരാഴ്ച മുന്‍പാണ് അലി ഈജിപ്ഷ്യന്‍ ജനതയോട് തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ ആഹ്വാനം നല്‍കിയത്.

Related Articles