Current Date

Search
Close this search box.
Search
Close this search box.

‘ഈ ത്യാഗം വെറുതെയാവില്ല… സമരമുഖത്ത് ഉറച്ചുനില്‍ക്കൂ’- വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രക്ഷിതാക്കള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ പൊലിസിന്റെ ക്രൂരമര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടും സമരരംഗത്ത് ഉറച്ചുനിന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവുമായി അവരുടെ ബന്ധുക്കളും രംഗത്തെത്തി. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് മുന്നില്‍ നിന്ന മലയാളി വിദ്യാര്‍ത്ഥികളായ ആയിഷ റന്ന, ഷഹീന്‍ അബ്ദുല്ല,ലദീദ സഖലൂണ്‍ എന്നിവരുടെ ബന്ധുക്കളാണ് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയത്. പിന്തുണ നല്‍കിയ കാര്യം വിദ്യാര്‍ത്ഥികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ബി.എ അറബിക് വിദ്യാര്‍ഥിയാണ് ലദീദ,ഷഹീന്‍ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയും ആയിഷ റെന്ന എം.എ ഹിസ്റ്ററി വിദ്യാര്‍ത്ഥിയുമാണ്.

aysha ranna

”ഫോണില്‍ ഒരുപാട് പേര് വിളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇവിടത്തെ അവസ്ഥ കാരണം പ്രിയപ്പെട്ടവരോട് പോലും ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല.പല മാധ്യമങ്ങളും ലൈവില്‍ കിട്ടാന്‍ ശ്രമിച്ചു. ഫോണ്‍ നെറ്റ്വര്‍ക്ക് അടക്കം തടസ്സപ്പെട്ട സ്ഥിതിയായിരുന്നു.ഒരുപാട് അക്രമിക്കപ്പെട്ടിട്ടുണ്ട്. കൂടെയുള്ള പലരും ക്രൂരമായി തന്നെ മര്‍ദിക്കപ്പെട്ടു. ഹോസ്പിറ്റലില്‍ നിന്നും പലരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എല്ലാര്‍ക്കും ശാരീരിക വേദനയും മറ്റു പ്രയാസങ്ങളും ധാരാളമുണ്ട്. എന്നാല്‍ ഈ പ്രക്ഷോഭത്തിന്റെ തീക്ഷ്ണത വേദനയൊന്നും അനുഭവിപ്പിക്കുന്നില്ല.സമരം ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ..വരും ദിവസങ്ങളില്‍ ഇന്‍ഷാ അല്ലഹ് നമുക്ക് വീണ്ടും ഏറ്റുമുട്ടാം.കൂടിപ്പോയാല്‍ നമ്മുടെ ജീവന്‍ നഷ്ടപ്പെടും. എന്നാല്‍ അത് ഞങ്ങള്‍ പണ്ടേ പടച്ചോന് വേണ്ടി സമര്‍പ്പിച്ചതാണ്.എല്ലാരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണം.കൂടെ നില്‍ക്കുന്ന എല്ലാവരോടും സ്‌നേഹം. (ഇത് പോലെയുള്ള മാതാപിതാക്കളും ഇണയും അവരുടെ പ്രാര്‍ത്ഥനയും കൂടെ ഉള്ളിടത്തോളം എന്തിനെയോര്‍ത്ത ഭയക്കാന്‍…)” ലദീദ ഫേസ്ബുക്കില്‍ കുറിച്ചു. കൂടെ, മകളെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും ഈ ത്യാഗം വെറുതെയാവില്ലെന്നും ഉപ്പ അയച്ച വാട്‌സാപ് മെസേജിന്റെ സ്‌ക്രീന്‍ഷോട്ടും അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

”ഉമ്മയെ വിളിച്ചു, സമരത്തില്‍ നിന്നും പിന്തിരിയരുതെന്നും അഭിമാനത്തോടെ സമരരംഗത്ത് മുന്നോട്ട് പോകാനും ഉമ്മ അറിയിച്ചു” ഷഹീന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഇവളെ പോലെ ഒരു ജീവിതപാതിയെ കിട്ടാന്‍ ഞാന്‍ എത്രമാത്രം നാഥനെ സ്തുതിച്ചിട്ടുണ്ടെന്ന് തനിക്കറിയില്ല. ഞാന്‍ നിനക്ക് കൂടുതല്‍ കരുത്തേകും. നിങ്ങള്‍ അനുഭവിക്കുന്ന എല്ലാ വേദനകള്‍ക്കും അവന്‍ പ്രതിഫലം നല്‍കും’ എന്നാണ് റന്നയുടെ ഭര്‍ത്താവ് അഫ്‌സല്‍ റഹ്മാന്‍ സി.എ ഫേസ്ബുക്കില്‍ കുറിച്ചത്. അയിഷ റന്നയുടെ ചിത്രം ഇതിനോടകം ജാമിഅ മില്ലിയ സമരത്തിന്റെ പ്രതീകമായി മാറിയിട്ടുമുണ്ട്. ഷഹീനെ വളഞ്ഞിട്ട് തല്ലിച്ചതക്കുന്ന പൊലീസിന് നേരെ വിരല്‍ ചൂണ്ടുന്ന റന്നയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

Related Articles