Current Date

Search
Close this search box.
Search
Close this search box.

ഈദ്: അനീതിക്കെതിരെ പൊരുതാനും പ്രയാസപ്പെടുന്നവരെ പരിഗണിക്കാനുമുള്ള ആഹ്വാനം -എം.ഐ അബ്ദുല്‍ അസീസ്

കോഴിക്കോട്: അനീതികള്‍ക്കെതിരെ പൊരുതാനും പ്രയാസമനുഭവിക്കുന്നവരെ പരിഗണിക്കാനും പ്രതിസന്ധികളില്‍ പ്രതീക്ഷയോടെ മുന്നോട്ട് പോകാനുമാണ് ഈദുല്‍ ഫിത്വര്‍ ആഹ്വാനം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഈദ് സന്ദേശത്തില്‍ പറഞ്ഞു.
വ്രതാനുഷ്ഠാനത്തിലൂടെ സ്വാര്‍ഥതയ്ക്കും ദേഹേഛയ്ക്കുമെതിരെ സ്വന്തം ജീവിതത്തില്‍ ദൈവേഛയെ സ്ഥാപിക്കുകയായിരുന്നു റമദാന്‍. സഹാനുഭൂതിയുടെയും പരസ്പര പരിഗണനകളുടെയും വികാരമാണ് വളര്‍ത്തിയെടുത്തത്. ഇവയുടെ ആഹ്ലാദമാണ് ഈദുല്‍ ഫിത്വര്‍.

കോവിഡ് 19 ന് മുമ്പില്‍ ലോകം സ്തംഭിച്ചു നില്‍ക്കുകയാണ്. മൂന്നര ലക്ഷത്തോളം പേര്‍ മരണപ്പെട്ടു. ലക്ഷക്കണക്കിനാളുകള്‍ രോഗത്തിന്റെ പിടിയിലാണ്. അവരോട് ഐക്യപ്പെടാനും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും പെരുന്നാള്‍ ദിനം ഉപയോഗപ്പെടുത്തണം. ലോകം മുഴുവന്‍ നിശ്ചലമായിരിക്കെ കടുത്ത ദാരിദ്യത്തിലേക്കും പട്ടിണിയിലേക്കും കോടിക്കണക്കിന് ജനങ്ങള്‍ എടുത്തെറിയപ്പെട്ടിരിക്കുന്നു. നമ്മുടെ നാട്ടിലും അത്തരത്തിലുള്ള പതിനായിരങ്ങളുണ്ട്.

അവരെ ചേര്‍ത്തു നിര്‍ത്താനും വിഭവങ്ങള്‍ പങ്ക് വെക്കാനും ആഘോഷാവസരം ഉപയോഗപ്പെടുത്തണം. നമ്മുടെ രാജ്യത്തടക്കം ഭരണകൂടങ്ങള്‍ കടുത്ത വംശീയ അജണ്ടകള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയും നിരപരാധികളെയും സമര നേതാക്കളെയും ഭീകരനിയമങ്ങള്‍ ചുമത്തി തടവറയിലടക്കുകയാണ്. ഈ സാഹചര്യത്തില്‍ വംശീയതക്കും വര്‍ഗീയതക്കുമെതിരെ മാനവികത ഉയര്‍ത്തിപ്പിടിച്ച് സമരം നയിക്കാനും ഈദ് ആവശ്യപ്പെടുന്നുണ്ടെന്നും അബ്ദുല്‍ അസീസ് പറഞ്ഞു. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന അമീര്‍ മഹാമാരിയില്‍ നിന്നും ലോകം പെട്ടെന്ന് തന്നെ രക്ഷപ്പെടട്ടെ എന്ന് പ്രത്യാശിച്ചു. ലോകത്ത് മര്‍ദിതര്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാനും അബ്ദുല്‍ അസീസ് ആഹ്വാനം ചെയ്തു.

Related Articles