Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ സഹോദരങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ നേരമായി: ഓസില്‍

അങ്കാറ: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കു പിന്തുണയും പ്രാര്‍ത്ഥനയും അറിയിച്ച് വിഖ്യാത ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസ്യൂത് ഓസില്‍. കഴിഞ്ഞ ദിവസം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം മ്യാന്മറിലെ പീഡനമനുഭവിക്കുന്ന റോഹിങ്ക്യന്‍ സഹോദരങ്ങള്‍ക്ക് വേണ്ടി ശബ്ദുമുയര്‍ത്തണമെന്നും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ആഹ്വാനം ചെയ്തത്.

‘ഒരു മനുഷ്യരെന്ന നിലയില്‍ നാം പരസ്പരം ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്. പ്രത്യേകിച്ച് മ്യാന്മര്‍ പോലുള്ള രാജ്യങ്ങളില്‍. ഇപ്പോള്‍ സുരക്ഷിതരല്ലാത്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. റോഹിങ്ക്യയിലെ നമ്മുടെ സഹോദരി-സഹോദരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്കു വേണ്ടി സംസാരിക്കേണ്ട സമയമാണിത്.’- വെള്ളിയാഴ്ച ഓസില്‍ ട്വീറ്റ് ചെയ്തു. #SaveRohingya #WhatIsHappeningInMyanmar എന്നീ ഹാഷ്ടാഗോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. മ്യാന്മറില്‍ പട്ടാള അട്ടിമറിയെത്തുടര്‍ന്ന് കടുത്ത പീഡനമനുഭവിക്കുന്ന റോഹിങ്ക്യകള്‍ക്കും മ്യാന്മറിലെ സഹോദരി സഹോദരങ്ങള്‍ക്കും നേരത്തെയും പിന്തുണ അറിയിച്ച് ഓസില്‍ രംഗത്തെത്തിയിരുന്നു.

റോഹിങ്ക്യ, സിറിയ, സൊമാലിയ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കായി കഴിഞ്ഞയാഴ്ച ഓസില്‍ 120,000 ഡോളര്‍ സഹായം വാഗ്ദാനം നല്‍കിയിരുന്നു. തുര്‍ക്കിഷ് റെഡ് ക്രസന്റിനാണ് റമദാന് മുന്നോടിയായി അദ്ദേഹം സംഭാവന നല്‍കിയത്.

കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ആങ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ച് മ്യാന്മര്‍ പട്ടാളം ഭരണം പിടിച്ചെടുത്തത്. തുടര്‍ന്ന് നടന്ന ജനകീയ പ്രക്ഷോഭത്തെ വെടിയുതിര്‍ത്തും മറ്റും അടിച്ചമര്‍ത്തുകയാണ് സൈന്യം ചെയ്യുന്നത്.

Related Articles