Current Date

Search
Close this search box.
Search
Close this search box.

മീഡിയ വണ്‍ വിലക്ക്: പ്രതിഷേധം ശക്തം

കോഴിക്കോട്: മീഡിയ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തിങ്കളാഴ്ച ഉച്ചയോടു കൂടിയാണ് കേന്ദ്ര വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രാലയം സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചാനലിന് വിലക്കേര്‍പ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഉടന്‍ തന്നെ പ്രക്ഷേപണം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചു.

ചാനല്‍ വിലക്കിനെതിരെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

വി.ഡി സതീശന്‍ (പ്രതിപക്ഷ നേതാവ്)

തിരുവനന്തപുരം: മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം വീണ്ടും തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മതിയായ കാരണങ്ങള്‍ പറയാതെയാണ് കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവണിന്റെ സംപ്രേക്ഷണം തടഞ്ഞത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

എന്ത് കാരണത്താല്‍ സംപ്രേഷണം തടഞ്ഞു എന്നത് വ്യക്തമാക്കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാറിനുണ്ട്. അപ്രിയമായ വാര്‍ത്തകളോട് അസഹിഷ്ണുത കാട്ടുന്ന സംഘ്പരിവാര്‍ നയമാണ് മീഡിയവണിന്റെ പ്രക്ഷേപണം തടയുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്തകുറിപ്പില്‍ പറഞ്ഞു.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

മീഡിയവണ്‍ ന്യൂസ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് , ഇത് രണ്ടാം തവണയാണ് ചാനല്‍ ബാന്‍ ചെയ്യുന്നത് . എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് തികഞ്ഞ ഫാസിസമാണ് . എല്ലാ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ രംഗത്ത് വരണം .

പി.വി അബ്ദുല്‍ വഹാബ് എം.പി

വ്യക്തമായ ഒരു കാരണവുമില്ലാതെ മീഡിയ വണ്‍ സംപ്രേഷണം തടയുന്ന കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുമെതിരായ കടന്നുകയറ്റമാണിത്. മാധ്യമങ്ങളോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. എന്നാല്‍ അവയുടെ വായടയ്ക്കുന്നത് ഫാഷിസമാണ്. പത്രമാരണ നിയമം കൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ നേരിട്ട ബ്രിട്ടീഷുകാരുടെ രീതിയാണിത്. ഇത്തരം ഹീനമായ നടപടികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധമുയരണം.

അബ്ദുസ്സമദ് സമദാനി എം.പി

മീഡിയ വണ്ണിന്റെ സംപ്രേഷണം നിര്‍ത്തി വെപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഏറെ പ്രതിഷേധാര്‍ഹമാണ്. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുന്ന ഇത്തരം നടപടികള്‍ തീര്‍ത്തും ജനാധിപത്യവിരുദ്ധവും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണ്. ജനാധിപത്യത്തിന്റെ സുരക്ഷക്ക് അത്യന്താപേക്ഷിതമായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനമാണ് ഇതിലൂടെ തടയപ്പെട്ടിരിക്കുന്നത്.

Related Articles