Current Date

Search
Close this search box.
Search
Close this search box.

മാധ്യമ വിലക്ക്: പ്രമുഖരുടെ പ്രതികരണങ്ങള്‍

കോഴിക്കോട്: വെള്ളിയാഴ്ച രാത്രി കേരളത്തിലെ പ്രമുഖ മാധ്യമങ്ങളായ മീഡിയവണ്ണിനും ഏഷ്യാനെറ്റിനും ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കിനെ ശക്തമായി വിമര്‍ശിച്ച് സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ നിരവധി പേര്‍ രംഗത്തെത്തി.

രമേശ് ചെന്നിത്തല

മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഗുരുതരമായ നീതി നിഷേധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരുകള്‍ പറയുന്നതനുസരിച്ച് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്നും ബി.ജെ.പി സര്‍ക്കാരിന്റെ ഫാഷിസ്റ്റ് മുഖമാണിതിലൂടെ പുറത്തുവരുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മുഖ്യന്ത്രി പിണറായി വിജയന്‍

മാധ്യമവിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖം മോശായാല്‍ കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. സത്യസന്ധമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുകയാണ്. വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയാണിതെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു മീഡിയവണിനെയും ഏഷ്യാനെറ്റിനെയും വിലക്കിയത്. മാര്‍ച്ച് ആറിന് രാത്രി ഏഴരയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 48 മണിക്കൂര്‍ നേരത്തേക്ക് ഏര്‍പ്പെടുത്തിയ മീഡിയവണിനെതിരായ വിലക്ക് ഇന്ന് രാവിലെ 9.30 ഓടെയാണ് നീക്കിയത്.

നാല്‍പ്പതിലേറെ പേര്‍ കൊല്ലപ്പെടുകയും, ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹി വംശീയാതിക്രമത്തിലെ റിപ്പോര്‍ട്ടിംഗിനെ ചൊല്ലിയാണ് വിലക്ക് നിലവില്‍ വന്നത്. അതിക്രമ സമയത്ത് പൊലീസ് നിഷ്‌ക്രിയമായിരുന്നുവെന്ന് വാര്‍ത്ത കൊടുക്കുകയും, ആര്‍.എസ്.എസിനെ വിമര്‍ശിക്കുകയും ചെയ്‌തെന്നാണ് വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ നിന്നും ലഭിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്.

കെ സച്ചിദാനന്ദന്‍

മാധ്യമ വിലക്ക് അടിയന്തരാവസ്ഥയെ പോലും ലജ്ജിപ്പിക്കുന്നതാണെന്ന് സാഹിത്യകാരന്‍ സച്ചിദാനന്ദന്‍. ഡല്‍ഹി കലാപത്തെ കുറിച്ച് നിര്‍ഭയവും സത്യസന്ധവുമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ചാനലാണ് മീഡിയവണ്‍. മറ്റൊന്ന് ഏഷ്യാനെറ്റായിരുന്നു. മൂന്നാമത്തേത് എന്‍.ഡി.ടിവിയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നു, ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നു എന്നെല്ലാം പറഞ്ഞ് വാര്‍ത്താ മാധ്യമങ്ങളെ മൂകമാക്കാനാണ് ശ്രമമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ഇ.ടി മുഹമ്മദ് ബഷീര്‍

അവര്‍ എന്നന്നേക്കുമായി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുമെന്നും പ്രതിഷേധിക്കേണ്ടതുണ്ടെന്നും ഇ.ടി മുഹമ്മദ് ബഷീര്‍. മാധ്യമ വിലക്കിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്ത് നമ്മള്‍ ഭയപ്പെട്ടത് ഓരോന്നായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതെ അവര്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് നേരെ അവര്‍ തിരിഞ്ഞിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയവണിനും എതിരെയുള്ള 2 ദിവസത്തെ വിലക്ക് ഒരു സൂചനയാണെന്നും’ ഇ.ടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള ഫാസിസ്റ്റ് തന്ത്രമാണിതെന്നും ഇനിയും തങ്ങള്‍ക്കിഷ്ടമില്ലാത്ത വാര്‍ത്തകള്‍ നല്‍കിയാല്‍ എന്നെന്നേക്കുമായി വിലക്കുമെന്ന മുന്നറിയിപ്പാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടി

മാധ്യമ സ്വാതന്ത്ര്യത്തെ വിലക്കാനുള്ള ഏതൊരു സര്‍ക്കാര്‍ നീക്കവും അപലപനീയമാണെന്ന് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു. മാധ്യമ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സ്തംഭങ്ങളില്‍ ഒന്നാണ്. മലയാളം വാര്‍ത്താ ചാനലുകള്‍ ആയ ഏഷ്യാനെറ്റ് ന്യൂസും മീഡിയവണും നിരോധിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യത്തിന് ഭീഷണിയാണ്. ശക്തമായി തന്നെ ഇതിനെ അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോടിയേരി ബാലകൃഷ്ണന്‍

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ഹീനമായ തന്ത്രമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. അക്രമം നടത്തിയ വര്‍ഗീയ ശക്തികള്‍ക്ക് എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ഡല്‍ഹി പൊലീസിനെതിരെയോ ചെറുവിരല്‍ അനക്കാത്തവര്‍ മാധ്യമങ്ങള്‍ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി

എ.കെ ആന്റണി

മാധ്യമങ്ങള്‍ക്കെതിരായ വിലക്ക് പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഏകാധിപത്യത്തിലേക്കുള്ള യാത്രയുടെ തുടക്കമാണിതെന്നും മീഡിയവണ്‍ നിര്‍ഭയമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ പ്രിയങ്ക ഗാന്ധി,ശശി തരൂര്‍,കെ.സി വേണുഗോപാല്‍,ഹൈബി ഈഡന്‍,ബൃന്ദ കാരാട്ട്, കാനം രാജേന്ദ്രന്‍, കെ.കെ ശൈലജ ടീച്ചര്‍, എം.എ ബേബി തുടങ്ങിയ നേതാക്കളും മാധ്യമ വിലക്കിനെതിരെ ശക്തമായി പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.

Related Articles