Current Date

Search
Close this search box.
Search
Close this search box.

ഹലാല്‍ ഭക്ഷണം ലഭ്യമാക്കിയതിന് മക്‌ഡൊണാള്‍ഡിനെതിരെയും ട്വിറ്ററില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: ഉപഭോക്താവിന് ഹലാല്‍ ഇറച്ചി ലഭ്യമാണെന്ന് അറിയിച്ചതിന് പിന്നാലെ പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡൊണാള്‍ഡിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ സംഘ്പരിവാറിന്റെ വ്യാപക പ്രതിഷേധം. ഇന്ത്യയിലെ മക്‌ഡൊണാള്‍ഡ് ഹലാല്‍ സര്‍ട്ടിഫൈഡ് ആണോ എന്ന ഒരു ഉപഭോക്താവിന്റെ ചോദ്യത്തിന് കമ്പനി നല്‍കിയ മറുപടിയാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

‘നിങ്ങളുടെ അഭിപ്രായങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഞങ്ങളുടെ റസ്‌റ്റോറന്റുകളിലുടനീളം ഉപയോഗിക്കുന്ന മാംസം ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ളതും HACCP സര്‍ട്ടിഫിക്കറ്റ് നേടിയതുമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള വിതരണക്കാരില്‍ നിന്നാണ് ഞങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നത്. ഞങ്ങളുടെ എല്ലാ കടകളിലും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ട്.’ കമ്പനി ട്വിറ്ററില്‍ മറുപടിയായി അറിയിച്ചു. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് സ്ഥിരീകരിക്കാന്‍ നിങ്ങള്‍ക്ക് റസ്റ്റോറന്റിലെ മാനേജരുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും കമ്പനി മറ്റൊരു ട്വീറ്റില്‍ അറിയിച്ചു. ഇതിനു പിന്നാലെയാണ് ചില തീവ്ര ഹിന്ദുത്വ വാദികളുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും കമ്പനിക്കെതിരെ വിമര്‍ശനമുയര്‍ന്നത്.

മക്ഡൊണാള്‍ ഹിന്ദുമത വിശ്വാസികളെ അപമാനിച്ചെന്നും ഹിന്ദുക്കള്‍ കമ്പനി ബഹിഷ്‌കരിക്കണമെന്നും ചിലര്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് കമ്പനി ബഹിഷ്‌കരിക്കാന്‍ ഹാഷ്ടാഗ് ക്യാംപയിനും ആരംഭിച്ചു. ഇനി മുതല്‍ മക് ഡൊണാള്‍ഡില്‍ നിന്നും ഇറച്ചി കഴിക്കില്ലെന്നും ഭക്ഷണത്തിന് മതമില്ലെന്നും അതിനാല്‍ മക്‌ഡൊണാള്‍ഡ് ബഹിഷ്‌കരിക്കുന്നതായും ചിലര്‍ ട്വീറ്റ് ചെയ്തു.

അതേസമയം, മക്‌ഡൊണാള്‍ഡിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നേരത്തെ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പനിയായ സൊമാറ്റോക്ക് നേരെയും ഇതേ വിഷയത്തില്‍ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ കമ്പനിയെ പിന്തുണച്ച് കൂടുതല്‍ പേര്‍ രംഗത്തു വരികയാണ് ചെയ്തിരുന്നത്.

Related Articles