Current Date

Search
Close this search box.
Search
Close this search box.

ഏറ്റുമുട്ടല്‍കൊലകള്‍ ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തും: സോളിഡാരിറ്റി

കോഴിക്കോട്: പാലക്കാട് അഗളിയില്‍ നടന്നതുപോലുള്ള ഭരണകൂടവും പൊലീസും നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകള്‍ ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. രാജ്യത്തങ്ങോളമിങ്ങോളം ഭരണകൂട സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി സംഘ്പരിവാര്‍ നടപ്പാക്കുന്ന ജനാധിപത്യ ധ്വംസനങ്ങളുടെ പ്രധാന ഭാഗമാണ് ഇത്തരം വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍. സംഘ്പരിവാറിനെതിരെ പ്രതിരോധിക്കുന്നവരെന്ന് വലിയ വായില്‍ അവകാശവാദമുന്നയിക്കുന്ന ഇടതുപക്ഷം തന്നെ ഫാഷിസ്റ്റുകളുടെ രീതികള്‍ കടമെടുക്കുന്നത് ജനാധിപത്യ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക.

ഏറ്റുമുട്ടലിനെ കുറിച്ചും മറ്റും വിശദവിവരങ്ങള്‍ പുറത്തുവിടാതിരിക്കുന്ന പൊലീസ് മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ ആവശ്യപ്പെട്ടിട്ടും വിട്ടുകൊടുത്തിട്ടുമില്ല. സംഭവത്തെ കുറിച്ച് പല ദുരൂഹതകളും ഉയര്‍ന്നുവരുന്നുമുണ്ട്. ഇതിലൊന്നും വ്യക്തതവരുത്താന്‍ ഇതുവരെ അധികാരികള്‍ തയ്യാറായിട്ടുമില്ല. അഭിപ്രായങ്ങള്‍ പറയുന്നവരെ വെടിവെച്ചുകൊല്ലുകയെന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷം മാത്രം ഇപ്പോഴത്തേതടക്കം ഇത്തരത്തില്‍ സംശയമുണ്ടാക്കുന്ന ഏഴോളം കൊലകള്‍ നടന്നിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ പോസ്റ്ററൊട്ടിച്ചവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതും ദിവസങ്ങള്‍ക്ക് മുമ്പാണ്.

മാവോയിസ്റ്റ് പ്രതിരോധമെന്നത് പല തരത്തില്‍ കേന്ദ്രഫണ്ട് നേടിയെടുക്കാനും ഓഡിറ്റിംഗില്ലാതെ അവ ഉപയോഗിക്കാനുള്ള അവസരമാണുണ്ടാക്കുന്നത്. തണ്ടര്‍ബോള്‍ട്ടെന്ന സേനയെയും അതിന്റെ ഫണ്ടിനെയും നിലനിര്‍ത്താനും ഇത്തരം കേസുകള്‍ ആവശ്യമാണ്. ജനാധിപത്യ വിരുദ്ധമായ ഇത്തരം നടപടികളുടെ ഒരു പ്രധാന പ്രേരണയിതാണെന്ന് ആരോപണമുണ്ട്. ദേശസുരക്ഷയുടെ പേരില്‍ പൗരന്മാരുടെ അവകാശങ്ങളെ നിഷേധിക്കുകയെന്നത് ഫാഷിസ്റ്റ് നിലപാടാണ്. ഇത്തരം നിലപാടുകളിലൂടെ ഇടതുപക്ഷം ഫാഷിസത്തെ പിന്തുണക്കുകയാണ് ചെയ്യുന്നതെന്നും നഹാസ് മാള പറഞ്ഞു.

Related Articles