Current Date

Search
Close this search box.
Search
Close this search box.

ചരിത്രകയ്യേറ്റങ്ങള്‍ക്കെതിരെ പോരാടുക: ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: സ്വാര്‍ഥതാല്‍പര്യങ്ങളുടെ പലതരം വായനങ്ങള്‍ക്കു വിധേയമായ ചരിത്രമാണ് മലബാര്‍ സമരത്തിന്റേത് എന്നും പഠനവായനകളിലെ വക്രീകരണത്തിനെതിരെ ദേശാഭിമാനബോധമുയര്‍ത്തിയും സൗഹൃദം ഉയര്‍ത്തിപ്പിടിച്ചും പോരാടണമെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.

മലബാര്‍ സമരത്തിന്റെ നൂറ് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ‘1921 മലബാര്‍ വീറ്അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ മലബാര്‍ പാഠങ്ങള്‍’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തെ കുറിച്ചുള്ള ഇത്തരം വികലമാക്കല്‍ കൃത്യമായ അജണ്ടകള്‍ അനുസരിച്ചാണ് എന്നതിന്റെ തെളിവാണ് വാരിയന്‍കുന്നത്ത് സിനിമ ഇറങ്ങുന്നതിനു മുമ്പെ വിവാദമാക്കാനുള്ള ശ്രമങ്ങങ്ങള്‍. സത്യം ഉറക്കെ വിളിച്ചു പറയണം. ഫാസിസത്തിനെതിരായ പോരാട്ടപാതയില്‍ ഉറച്ചു നില്‍ക്കുന്ന പുതിയ തലമുറയ്ക്ക് കരുത്തു പകരണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മാപ്പിള കലാപത്തെ കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഒരു വലിയ കര്‍മമണ്ഡലമായി കേരളത്തില്‍ ഓര്‍മിക്കപ്പെടുന്നുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണ് എന്ന് പ്രമുഖചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഉദ്ഘാടന സമ്മേളനത്തിനു നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.
ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ക്കെതിരെ രാജ്യത്തുടനീളം നടന്ന പ്രക്ഷോഭങ്ങളില്‍ വളരെ പ്രധാനപ്പെട്ട വിപ്ലവമായിരുന്നു 1921 ല്‍ മലബാറില്‍ നടന്ന ചെറുത്തു നില്‍പ്. മുസ്ലിം കര്‍ഷകരായിരുന്നു അതില്‍ പ്രധാന പങ്കുവഹിച്ചത് എന്നതാണ് സത്യം. ഖിലാഫത്തിന്റെ തകര്‍ച്ചയായിരുന്നു പ്രധാനമായും അവരെ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ച കാരണങ്ങളില്‍ ഒന്ന്. പിന്നീട്,ജന്മികളോടുള്ള ശത്രുതക്ക് സാമുദായിക വര്‍ണ്ണം ചാര്‍ത്തുകയായിരുന്നുവെന്നത് മറച്ചുവച്ചിട്ട് കാര്യമില്ല.

മലബാര്‍ സമരം സാമുദായിക ചായ് വുകള്‍ക്കപ്പുറം ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനില്‍പിനെ താലോലിക്കുന്നവരുടെ മനസ്സകങ്ങളില്‍ എന്നും ഒളിമങ്ങാതെ കിടക്കും എന്നും അദ്ദേഹം പ്രത്യാശിച്ചു. ബ്രിട്ടീഷുകാരുടെ ഉന്നം ഭൂമിയുടെ അവകാശികളായ മുസ്ലിംആദിവാസി വിഭാഗങ്ങളായിരുന്നു എന്നും മറച്ചുവയ്ക്കപ്പെട്ട ചരിത്രങ്ങളില്‍ സ്ത്രീപോരാട്ടത്തിന്റെ അധ്യായങ്ങള്‍ ഉജ്വലമാണെന്നും അത് തിരിച്ചെടുക്കണമെന്നും പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ ഹമീദ് വാണിയമ്പലം, ബാലചന്ദ്രന്‍ വടക്കേടത്ത്,കെ.കെ.ബാബുരാജ്,ഡോ.ഷംസാദ് ഹുസൈന്‍,ടി.പി.എം ബഷീര്‍,ഡോ.മോയിന്‍ മലയമ്മ,ശിഹാബ് പൂക്കോട്ടൂര്‍,മുസ്തഫ തന്‍വീര്‍,യൂസഫലി പാണ്ടിക്കാട്,പി.ലൈല ടീച്ചര്‍,ഡോ.നിഷാദ് കുന്നക്കാവ്,ബാസിത് താനൂര്‍,കെ.സി.ഷനാനീറ സംബന്ധിച്ചു. ജലീല്‍ മോങ്ങം ഇര്‍ഫാന്‍ ഹബീബിന്റെ സന്ദേശം അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് സലീം മമ്പാട് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് ജഹാന്‍ സ്വാഗതവും സി.എച്ച് ബഷീര്‍ നന്ദിയും പറഞ്ഞു.

Related Articles