Current Date

Search
Close this search box.
Search
Close this search box.

മലബാറിലെ ക്ലാസ് മുറികള്‍ പുത്തരിക്കണ്ടം മൈതാനമല്ല; സര്‍ക്കാറിനെ വിമര്‍ശിച്ച് എസ്.എസ്.എഫ്

കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും വിമര്‍ശിച്ച് എസ്.എസ്.എഫ് കേരള. അറുപതും എഴുപതും വിദ്യാര്‍ത്ഥികളെ കുത്തിനിറക്കാന്‍ മലബാറിലെ ക്ലാസ് മുറികള്‍ പുത്തരിക്കണ്ടം മൈതാനമല്ലെന്നും പുതിയ ബാച്ചുകള്‍ അനുവദിക്കാതെ സീറ്റ് വര്‍ധിപ്പിച്ച് വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും എസ്.എസ്.എഫ് കുറ്റപ്പെടുത്തി.

പ്ലസ് വണ്‍ സീറ്റ് ക്ഷാമം വടക്കന്‍ ജില്ലകളില്‍ നില നില്‍ക്കുകയും, ഇത് സംബന്ധിച്ച് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുകയും ചെയ്തിട്ടും ശാശ്വത പരിഹാരം കാണാതെ ഉദാസീനമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. എസ് എസ് എല്‍ സി റിസള്‍ട്ട് വന്നു പ്ലസ് വണ്‍ അഡ്മിഷന്‍ സമയത്തും അഡ്മിഷന്റെ വിവിധ ഘട്ടങ്ങള്‍ പിന്നിടുമ്പോഴും താത്കാലിക സീറ്റ് വര്‍ധനവും നാമമാത്രമായ താത്കാലിക ബാച്ചുകളും അനുവദിക്കുന്ന പതിവ് തുടര്‍ക്കഥയാവുകയാണ്.

ഈ വര്‍ഷവും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന പ്രതീതി സൃഷ്ടിക്കുന്ന സമീപനം വഞ്ചനാപരമാണ്. നിര്‍ദിഷ്ട മാനദന്ധങ്ങള്‍ക്കുമപ്പുറം വിദ്യാര്‍ഥികളിരിക്കുന്ന ക്ലാസുകളിലേക്ക് മാര്‍ജിനല്‍ വര്‍ദ്ധനവ് എന്ന പേരില്‍ വീണ്ടും സീറ്റ് കുത്തിനിറക്കുന്നത് വിദ്യാര്‍ഥികളോടുള്ള ചതിയാണ്. ഇത്തരത്തിലുള്ള താത്കാലിക വര്‍ദ്ധനവ് വഴി അറുപത്തിഅഞ്ചിലധികം വിദ്യാര്‍ത്ഥികള്‍ ഒരേ ക്ലാസില്‍ ഇരിക്കേണ്ടി വരുന്ന സാഹചര്യം അധ്യയനത്തെ സാരമായി ബാധിക്കുന്നതും വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കുന്നതുമാണ്.

ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിവിധ റിപ്പോര്‍ട്ടുകള്‍ മേശപ്പുറത്ത് വെച്ച് പ്രവേശനത്തിന്റെ പടിവാതില്‍ക്കല്‍ എടുക്കുന്ന താത്കാലിക നടപടികളല്ല വടക്കന്‍ ജില്ലകള്‍ക്ക് ആവശ്യം. എല്ലാ വര്‍ഷവും സീറ്റ് വര്‍ധിപ്പിക്കുന്നു എന്ന പ്രഖ്യാപനം വഴി പ്രശ്‌നപരിഹാരമായി എന്ന പ്രതീതി സൃഷ്ടിച്ച് ആശയക്കുഴപ്പമുണ്ടാക്കുകയും സ്ഥിരം പരിഹാരത്തിനുള്ള ആവശ്യങ്ങളോട് മുന്‍വിധിയോടെ പുറം തിരിഞ്ഞു നില്‍ക്കുകയുമല്ല സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും എസ്.എസ്.എഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Related Articles