Current Date

Search
Close this search box.
Search
Close this search box.

മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം വംശീയ മനോഭാവത്തില്‍നിന്ന്: എസ്.ഐ.ഒ

കോഴിക്കോട്: പതിറ്റാണ്ടുകളായി മലബാര്‍ മേഖല അനുഭവിക്കുന്ന വിദ്യാഭ്യാസ വിവേചനം മലബാറിനോടുള്ള വംശീയ മനോഭാവത്തില്‍നിന്ന് രൂപപ്പെടുന്നതാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ. എസ്.ഐ.ഓവിന്റെ ‘പുസ്തകപ്പച്ച’ പഠനോപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യകേരളം രൂപപ്പെട്ടതുമുതല്‍ മലബാറിനോട് ഈ അനീതി തുടരുന്നുണ്ട്. മാറിമാറി വന്ന ഭരണകൂടങ്ങള്‍ ഈ കൊടും അനീതിയെ അഭിമുഖീകരിക്കാന്‍ തയാറാവാതിരിക്കുന്നത് മലബാറിനോടുള്ള വംശീയബോധം കാരണമാണ്. നിലവില്‍ മലബാറില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ 56,052 വിദ്യാര്‍ഥികള്‍ക്ക് പൊതുമേഖലയില്‍ ഉപരിപഠനം സാധ്യമല്ലെന്ന കണക്കുകള്‍ എസ്.ഐ.ഒ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും സാമൂഹിക സന്നദ്ധ സംഘടനകളും തെളിവുകള്‍ സഹിതം പുറത്തുവിട്ടിട്ടും വിദ്യാഭ്യാസ മന്ത്രിയും ഇടത് സംഘടനകളും കള്ളക്കണക്കുകള്‍ പ്രചരിപ്പിക്കുന്നതും ഈ കൊടും അനീതി പുറത്തുകൊണ്ടുവരുന്ന വി. കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് മൂടിവയ്ക്കുന്നത് അംഗീകരിക്കാനാവില്ല-മുഹമ്മദ് സഈദ് ടി.കെ അഭിപ്രായപ്പെട്ടു.

കണക്കുകള്‍ നിരത്തി മലബാറിലെ വിദ്യാര്‍ത്ഥികളുടെ നീതിക്കുവേണ്ടി സംസാരിക്കുന്നവരെ മന്ത്രി ‘നിക്ഷിപ്ത താല്‍പര്യക്കാരാ’ക്കുന്നത് ഈ വംശീയ മനോഭാവം പേറുന്നതിനാലാണ്. ഈ കൊടും അനീതിക്കും അതിന്റെ മൂലകാരണമായ വംശീയബോധത്തിനും എതിരായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. വിദ്യാര്‍ത്ഥി സമൂഹം ഇനിയും ഈ അനീതി സഹിക്കുമെന്ന് അധികാരികള്‍ കരുതേണ്ടതില്ലെന്നും സഈദ് ടി.കെ കൂട്ടിച്ചേര്‍ത്തു.

Related Articles