Current Date

Search
Close this search box.
Search
Close this search box.

‘നിരന്തരം തെളിയിക്കേണ്ടി വരുന്ന ‘അപ്പോളജറ്റിക് പൊസിഷനില്‍’ നിന്നൊക്കെ സമുദായം മുന്നോട്ട് പോയി’

കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയുടെ ലൗ ജിഹാദ് ആരോപണത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. വിവിധ രാഷ്ട്രീയ-സാംസ്‌കാരിക-സാമുദായിക നേതാക്കളാണ് ഇടതുപക്ഷവും മുഖ്യമന്ത്രിയും ഈ വിഷയത്തില്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ലൗ ജിഹാദ് സംശയം ദൂരീകരിക്കണമെന്ന ജോസ് കെ മാണിയുടെ ആവശ്യം മുസ്‌ലിം സമുദായത്തോടാണെങ്കില്‍ സൗകര്യമില്ല എന്നാണ് പറയാനുള്ളതെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.എം അംജദ് അലി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ജോസ് കെ മാണിയുടെ ലൗ ജിഹാദ് ആരോപണത്തെ നിശിതമായി വിമര്‍ശിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മുസ്‌ലിമിന്റെ രാജ്യസ്‌നേഹത്തേയും പൗരത്വത്തെയും മുതല്‍ അവന്റെ തൊപ്പിയും താടിയും അടക്കമുള്ള സകലതിനേയും സംശയത്തിന്റെ കണ്ണുകളില്‍ നിലനിര്‍ത്തുക എന്നതാണ് ആര്‍.എസ്.എസ് മുന്നോട്ടുവെക്കുന്ന മുസ്‌ലിംവിരുദ്ധ പൊതു ബോധത്തിന്റെ അടിസ്ഥാനം.

ആ പൊതു ബോധത്തിന്റെ തണലില്‍ നിന്നുകൊണ്ടാണ് അവര്‍ ഇവിടെ മുസ്‌ലിംവിരുദ്ധ വംശഹത്യ പദ്ധതി നടപ്പാക്കി കൊണ്ടിരിക്കുന്നത്
അതേ സംശയത്തിന്റെ ആര്‍എസ്എസ് യുക്തിയാണ് ജോസ് കെ മാണി മുസ്ലിം സമുദായത്തിനു നേരെ ഉന്നയിക്കുന്നത്. സുപ്രീം കോടതിയും പോലീസും വരെ തള്ളികളഞ്ഞ ലൗ ജിഹാദ് ആരോപണം ഇടതുമുന്നണിയിലെ ഒരു കക്ഷി ഉന്നയിക്കുന്നത് അത്ര നിഷ്‌കളങ്കമായി തോന്നുന്നില്ല. ‘അമീര്‍ ഹസന്‍ കുഞ്ഞാലികുട്ടി കൂട്ടുകെട്ട്’ പ്രസ്താവന മുതല്‍ പുകസയുടെ വീഡിയോ വരെ മുസ്ലിം സമുദായത്തെ മുന്‍നിര്‍ത്തി ഒരു ധ്രുവീകരണത്തിനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്.

അത്യന്തികമായി ഇത്തരം കാര്യങ്ങള്‍ ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് പറയേണ്ട കാര്യമില്ലല്ലോ. ലൗ ജിഹാദ് സംശയം ദൂരീകരിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. ആവശ്യം സ്‌റ്റേറ്റിനോട് ആണെങ്കില്‍ അത് വളരെ നേരത്തെ തന്നെ സുപ്രീംകോടതിയും പോലീസും ഒക്കെ വ്യക്തമാക്കിയതാണല്ലോ.

ഇനി അതല്ല മുസ്ലിം സമുദായത്തോട് ആണെങ്കില്‍, സൗകര്യമില്ല എന്നേ പറയാനുള്ളു. നിരന്തരം തെളിയിക്കേണ്ടി വരുന്ന ‘അപ്പോളജറ്റിക് പൊസിഷനില്‍’ നിന്നൊക്കെ ഈ സമുദായം മുന്നോട്ട് പോയിട്ട് കാലം കുറെയായി…

Related Articles