Current Date

Search
Close this search box.
Search
Close this search box.

ലൗ ജിഹാദ്; വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവരെ ഒറ്റപ്പെടുത്തണം: ഫാ. പോള്‍ തേലക്കാട്ട്

കോഴിക്കോട്: ലൗ ജിഹാദ് കെട്ടുകഥയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് പറയേണ്ടത് പൊലീസും സര്‍ക്കാരുമാണ്. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഇതു പറഞ്ഞു കഴിഞ്ഞെന്നും ഇനി വല്ലവരുടെയും കയ്യില്‍ ഇതിന് തെളിവുണ്ടെങ്കില്‍ അത് അധികാരികളെ അറിയിക്കാന്‍ ഇവിടെ ആര്‍ക്കും കഴിയുമെന്നും പ്രമുഖ ക്രിസ്തീയ പുരോഹിതനും സീറോ മലബാര്‍ സഭാ മുന്‍ വക്താവുമായ ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു.

ഇതൊന്നും ചെയ്യാതെ അങ്ങനെയൊന്നിനെക്കുറിച്ച് പറഞ്ഞുകൊണ്ട് നടക്കുന്നത് മാന്യതയ്ക്കും മര്യാദയ്ക്കും നിരക്കുന്നതല്ല. വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തിയാണ് ഇതിനോട് പ്രതികരിക്കേണ്ടത്. ദൂള്‍ ന്യൂസ് ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”വലതുകരണത്ത് അടിക്കുന്നവനു മറ്റേ കരണം കൂടി കാണിച്ചുകൊടുക്കുക” എന്നു പഠിപ്പിച്ച ക്രിസ്തുവിനെ മാറ്റിവച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നവരെ ക്രൈസ്തവരായി കാണാന്‍ വിഷമമുണ്ട്. അത്തരക്കാര്‍ സഭയുടെ സംഘടനക്കാര്‍ ആകുന്നത് അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്. ക്രൈസ്തവ സഭയുടെ അടിസ്ഥാനങ്ങള്‍ മാറ്റിവച്ച് പ്രവൃത്തിക്കുന്നവര്‍ സഭയ്ക്കുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. സഭയുടെ പേരില്‍ ഇതു നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്.

തീവ്രവാദപരവും മൗലികവാദപരവുമായ സമീപനങ്ങള്‍ ഏതു മതത്തിലും ഉണ്ടാകാം; ഉണ്ടായിട്ടുണ്ട്. ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും ഉണ്ടായിട്ടുണ്ട്. മതം മൗലികമായി ആരെയും വെറുക്കാനും ദ്രോഹിക്കാനും പഠിപ്പിക്കുന്നില്ല. മതത്തെ രാഷ്ട്രീയ ഉപകരണമാക്കുന്നതില്‍ നിന്നു മാറി നില്‍ക്കാനും മനുഷ്യത്വത്തിന്റെ ഔന്നത്യത്തിലേക്ക് വളരാനും മതം കാരണമാകണം-അദ്ദേഹം പറഞ്ഞു.

ഫലസ്തീന്‍ ജനതയുടെ പ്രതിസന്ധിയില്‍ അവരെ സഹായിക്കാന്‍ വേണ്ടിയാണ് മാര്‍പാപ്പ ”ഫലസ്തീന് വേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍” ഉണ്ടാക്കിയത്. പന്ത്രണ്ടാം പീയൂസ് തുടങ്ങി ഇന്നുവരെയുള്ള മാര്‍പാപ്പമാര്‍ ഫലസ്തീന്‍കാര്‍ക്കുവേണ്ടി സംസാരിച്ചിട്ടുമുണ്ട്. 1947 നവംബറില്‍ ഇസ്രായേലും ഫലസ്തീനും രണ്ടു സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. അത് യു.എന്‍. അംഗീകരിച്ചിട്ടുമുണ്ട്. ഇരുരാജ്യങ്ങളും സമാധാനപരമായി ജീവിക്കാന്‍ വേണ്ട പല ഒത്തുതീര്‍പ്പ് സമ്മേളനങ്ങളിലും പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ നെഹ്റുവും കോണ്‍ഗ്രസ് പാര്‍ട്ടിയും ഫലസ്തീന്‍ അനുഭാവമുള്ളവരായിരുന്നു. ഇപ്പോള്‍ ബി.ജെ.പി. സര്‍ക്കാര്‍ ഇസ്രാഈല്‍ അനുഭാവ സമീപനം സ്വീകരിക്കുന്നു. ഫലസ്തീന്‍ ഇസ്രാഈല്‍ വിവാദത്തില്‍ പക്ഷം പിടിച്ച് ഇവിടെ വൈരവും വിഭാഗീയതയും വിതയ്ക്കുന്നവരെ തിരിച്ചറിയുക. യുദ്ധക്കൊതിയന്മാരെ ഒറ്റപ്പെടുത്തുക.

ക്രൈസ്തവരെയും മുസ്ലിങ്ങളെയും പരസ്പരം അകറ്റാന്‍ ശ്രമിക്കുന്നവര്‍ മതങ്ങളെ രാഷ്ട്രീയ ആയുധമാക്കി ലാഭമുണ്ടാക്കാനാണ് അത് ചെയ്യുന്നത്. അത് വിജയിപ്പിക്കാതിരിക്കാന്‍ സൗഹൃദവും പരസ്പര ബഹുമാനവും സഹകരണവും വര്‍ധിപ്പിക്കുക. മതങ്ങള്‍ക്കുപരിയായി നാമെല്ലാവരും ഒരു നാട്ടുകാരും സുഹൃത്തുക്കളുമായി ജീവിക്കാന്‍ ശ്രമിക്കുക. അപരനെ നിശബ്ദനാക്കുന്നതാണ് ഏറ്റവും വലിയ അധാര്‍മ്മികതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles