Current Date

Search
Close this search box.
Search
Close this search box.

ലിബിയന്‍ പ്രധാനമന്ത്രി രാജി പിന്‍വലിച്ചു

ട്രിപ്പോളി: രാഷ്ട്രീയ അനിശ്ചിതത്വം മാറ്റമില്ലാതെ തുടരുന്ന ലിബിയയില്‍ രാജി പ്രഖ്യാപിച്ചിരുന്ന പ്രധാനമന്ത്രി ഫായിസ് അല്‍ സറാജ് രാജി പിന്‍വലിച്ചു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ലിബിയന്‍ രാഷ്ട്രീയ മധ്യസ്ഥ ചര്‍ച്ചകള്‍ അവസാനിക്കുന്നത് വരെ അധികാരത്തില്‍ തുടരുമെന്നാണ് ട്രിപ്പോളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക സര്‍ക്കാരായ സറാജിന്റെ ഭരണകൂടം അറിയിച്ചത്. ലിബിയന്‍ ഉന്നത സ്റ്റേറ്റ് കൗണ്‍സില്‍ പദവിയില്‍ തുടരാന്‍ അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് വെള്ളിയാഴ്ച ലിബിയന്‍ സര്‍ക്കാര്‍ വക്താവ് ജലീബ് അല്‍ സാക്‌ലി രാജി തീരുമാനത്തില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചത്. പുതിയ പ്രസിഡന്‍ഷ്യന്‍ കൗണ്‍സില്‍ തെരഞ്ഞെടുക്കപ്പെടുന്നത് വരെ ലിബിയയുടെ രാഷ്ട്രീയ സ്ഥിരതക്ക് വേണ്ടി ശൂന്യത ഒഴിവാക്കാന്‍ വേണ്ടിയാണ് രാജി പിന്‍വലിച്ചതെന്ന് ജലീബ് പ്രസ്താവനയില്‍ പറഞ്ഞു.

ലിബിയയിലെ യു.എന്‍ ദൗത്യ മിഷനും ട്രിപ്പോളിയിലെ പാര്‍ലമെന്റും അല്‍ സറാജിനോട് തീരുമാനം മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസമാണ് സറാജ് ഒക്ടോബര്‍ അവസാനത്തോടെ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. രാജ്യത്ത് വര്‍ഷങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം തേടിയാണ് രാജിക്കൊരുങ്ങുന്നതെന്നും പുതിയ ഭരണനിര്‍വാഹക സമിതിക്ക്് കൈമാറുമെന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതിന് യു.എന്നിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ യു.എന്‍ അംഗീകാരമുള്ള സര്‍ക്കാരായ ജി.എന്‍.എക്ക് നേതൃത്വം നല്‍കുന്നത് ഫായിസ് അല്‍ സറാജ് ആണ്. വടക്കന്‍ ലിബിയ ആസ്ഥാനമായി മുന്‍ സൈനിക കമാന്‍ഡര്‍ ഖലീഫ ഹഫ്തറിന്റെ നേതൃത്വത്തിലും ജി.എന്‍.എയും തമ്മില്‍ വര്‍ഷങ്ങളായി രാജ്യത്ത് ഏറ്റുമുട്ടല്‍ രൂക്ഷമാണ്.

Related Articles