Current Date

Search
Close this search box.
Search
Close this search box.

ലെബനാന്‍: വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് പുതിയ സര്‍ക്കാര്‍

ബെയ്‌റൂത്: ലെബനാനില്‍ പുതിയ സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ വിജയം. 85 നിയമസഭാംഗങ്ങള്‍ പ്രധാനമന്ത്രി നജീബ് മീഖാതിക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 15 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. 117 അംഗ പാര്‍ലമെന്റില്‍ 100 പേരാണ് തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിനെത്തിയത്. തിങ്കളാഴ്ചത്തെ പാര്‍ലമെന്റ് സെഷന്‍ എട്ടു മണിക്കൂറോളം നീണ്ടുനിന്നു. രാഷ്ട്രീയ പാര്‍ട്ടിയായ ഫ്യൂച്ചര്‍ മൂവ്‌മെന്റിന്റെ തലവനും മുന്‍ പ്രധാനമന്ത്രിയുമായ സഅദ് ഹരീരിയും പാര്‍ലമെന്റില്‍ ഹാജരായില്ല. 128 പാര്‍ലമെന്റ് അംഗങ്ങള്‍ ഉണ്ടെങ്കിലും ഇതില്‍ എട്ട് പേര്‍ നേരത്തെ രാജിവെച്ചിരുന്നു. മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്ക് പകരം ആളുകളെ തെരഞ്ഞെടുത്തിട്ടില്ല.

രാജ്യത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിനായി നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്നും ഇതിനായി അന്താരാഷ്ട്ര നാണ്യ നിധി ഫണ്ട് എടുക്കുന്നതിനായുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കുമെന്നും പ്രഖ്യാപിച്ചതിനു ശേഷമാണ് വോട്ടെടുപ്പില്‍ വിജയിക്കുന്നത്. 13 മാസത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് ലെബനാനില്‍ ആദ്യ സമ്പൂര്‍ണ്ണ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്.

ബില്യണയര്‍ പ്രധാനമന്ത്രി എന്നറിയപ്പെടുന്ന മീഖാതി തന്റെ സര്‍ക്കാരിന്റെ നയ പ്രസ്താവനകളടങ്ങിയ റിപ്പോര്‍ട്ട് നിയമനിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. തന്റെ കീഴിലുള്ള 24 മന്ത്രിമാരടങ്ങിയ സര്‍ക്കാര്‍ സാമ്പത്തികവും ഘടനാപരവുമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്നും വിട്ടുമാറാത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനും ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാനും രാജ്യത്തെ വ്യാപകമായ അഴിമതിക്കെതിരെ പോരാടാനും സര്‍ക്കാര്‍ പാഴാക്കുന്ന ചെലവുകള്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

Related Articles