Current Date

Search
Close this search box.
Search
Close this search box.

ലെബനാനില്‍ ഭരണപ്രതിസന്ധി; വിദേശകാര്യ മന്ത്രി രാജിവെച്ചു

ബെയ്‌റൂത്ത്: ഭരണപ്രതിസന്ധിക്ക് ആക്കം കൂട്ടി ലെബനാനില്‍ വിദേശകാര്യ മന്ത്രിയുടെ രാജി. രാജ്യത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഭരണപ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് വിദേശകാര്യമന്ത്രി നാസിഫ് ഹിതി രാജി പ്രഖ്യാപിച്ചത്. നാസിഫിന്റെ രാജി സ്വീകരിച്ച പ്രധാനമന്ത്രി ഹസന്‍ ദിയാബ് പുതിയ വിദേശകാര്യ മന്ത്രിയായി ഷര്‍ബല്‍ വഹ്ബിയെ നിയമിക്കുകയും ചെയതു.

രാജ്യം ഒരു പരാജയപ്പെട്ട സ്റ്റേറ്റ് ആയി മാറിയെന്നും പരിഷ്‌കരണവാദത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതായും രാജിവെച്ച ഹീതി ആരോപിച്ചു. ഞാന്‍ ഈ സര്‍ക്കാരില്‍ അംഗമായത് എന്റെ തൊഴിലുടമയായി ഞാന്‍ ലെബനാനിനെ മുന്നില്‍ കണ്ടാണ്. എന്നാല്‍ എന്റെ രാജ്യത്ത് ഞാന്‍ നിരവധി തൊഴിലുടമകളെ കാണുകയും അവരില്‍ പരസ്പര വിരുദ്ധമായ പല താല്‍പര്യങ്ങളും കാണുകയും ചെയ്തു- പ്രധാനമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ ഹീതി പറഞ്ഞു.

ലെബനാനിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയും അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചും സര്‍ക്കാര്‍ ഒന്നിച്ചു നിന്നില്ലെങ്കില്‍ കപ്പല്‍ മുങ്ങിപ്പോകും. അതോടെ എല്ലാവരും ഒന്നടങ്കം മുങ്ങും. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ-ഹീതി കൂട്ടിച്ചേര്‍ത്തു.

കറന്‍സിയുടെ മൂല്യം 80 ശതമാനം ഇടിഞ്ഞതും ഭക്ഷ്യവസ്തുക്കളുടെ വില ഇരട്ടിയായി വര്‍ധിച്ചതും ലെബനാനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു.

Related Articles