Current Date

Search
Close this search box.
Search
Close this search box.

ലെബനാന്‍ പ്രക്ഷോഭം: പ്രസിഡന്റുമായുള്ള ചര്‍ച്ചക്കും വഴങ്ങാതെ സമരക്കാര്‍

ബെയ്‌റൂത്ത്: കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുന്ന ലെബനാനിലെ ജനകീയ പ്രതിഷേധം തണുപ്പിക്കാന്‍ ആവുന്നതെല്ലാം ചെയ്തിട്ട് ഒരു നിലക്കും വഴങ്ങാതെ പ്രക്ഷോഭകര്‍. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന ജനങ്ങള്‍ സര്‍ക്കാരിന്റെ എല്ലാ വാഗ്ദാനങ്ങളും നിരസിക്കുകയാണ്.

വിഷയം ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്ന് അറിയിച്ച ലെബനാന്‍ പ്രസിഡന്റ് മൈക്കല്‍ ഓന്‍സിന്റെ ആവശ്യവും സമരക്കാര്‍ തള്ളി. ഇത്തരം ചര്‍ച്ചകള്‍ക്ക് മുന്‍പായി സര്‍ക്കാര്‍ രാജി വെക്കണമെന്നാണ് പ്രക്ഷോഭകര്‍ പ്രസിഡന്റിനെ അറിയിച്ചത്.

വ്യാഴാഴ്ചയാണ് ടെലിവിഷനിലൂടെയാണ് ഓന്‍സ് സമരക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താന്‍ സന്നദ്ധനാണെന്ന് അറിയിച്ചത്. തെരുവില്‍ കിടന്ന് സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പുന:സംഘടിപ്പിക്കുകയും അഴിമതി തടയാന്‍ ലക്ഷ്യമിട്ടുള്ള പുതിയ നിയമനിര്‍മ്മാണത്തെ പിന്തുണയ്ക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയും അഴിമതിയും മൂലം പരാജയപ്പെട്ട സഅദ് ഹരീരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ജനങ്ങള്‍. സമരക്കാരെ തണുപ്പിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും അതെല്ലാം സമരക്കാര്‍ തള്ളിക്കളഞ്ഞു. സര്‍ക്കാര്‍ താഴെയിറങ്ങുകയല്ലാതെ മറ്റൊരു വിട്ടുവീഴ്ച്ചക്കും തങ്ങള്‍ തയാറല്ലെന്ന ഉറച്ച നിലപാടില്‍ ജനങ്ങള്‍ ഇപ്പോഴും കൂട്ടമായി തെരുവില്‍ തന്നെയാണ്.

Related Articles